താരങ്ങളുടെ അവിഹിത സ്വത്ത് 50 കോടി കവിയും

കൊച്ചി| WEBDUNIA|
PRO
PRO
സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അനധികൃത സമ്പാദ്യം അമ്പത്കോടി കടന്നേക്കുമെന്ന് സൂചന. ഇതുവരെയുള്ള കണ്ടെത്തല്‍ പ്രകാരം താരങ്ങള്‍ക്ക് മുപ്പത് കോടി രൂപയുടെ അവിഹിത സ്വത്തുണ്ടെന്ന് ആദായ നികുതി വകുപ്പ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. ആദായനികുതി ഉദ്യോഗസ്ഥര്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മുപ്പത് കോടിയുടെ അനധികൃത സ്വത്തുണ്ടെന്ന് തെളിഞ്ഞതോടെ മമ്മൂട്ടിയും മോഹന്‍ലാലും 18 കോടി രൂപ വരെ പിഴയടയ്ക്കേണ്ടി വന്നേക്കും. മുപ്പത് കോടിയുടെ അവിഹിത സ്വത്തിന്റെ ചുരുങ്ങിയ പിഴ ഒമ്പത് കോടി രൂപയും പരമാവധി പിഴ 18 കോടി രൂപയുമാണ്. 2.8 കോടി രൂപയും ഒപ്പം സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തവയില്‍ ഉള്‍പ്പെടും. വിദേശത്തും റിയല്‍ എസ്റ്റേറ്റ് മേഖലയിലുമാണ് താരങ്ങളുടെ വരുമാന നിക്ഷേപങ്ങള്‍ ഏറെയും. ഇരുവരുടെയും കഴിഞ്ഞ ആറുവര്‍ഷത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ്‌ പരിശോധന നടത്തിയത്‌. എന്നാല്‍ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പിഴ വര്‍ദ്ധിക്കാനാണ് സാധ്യത കാണുന്നത്. വെളിപ്പെടുത്താത്ത വരുമാനത്തിന്റെ കണക്ക്‌ രണ്ട് മാസത്തിനകം തയ്യാറാവും. ഇതിന് ശേഷം താരങ്ങള്‍ക്ക് പിഴയടച്ച്‌ കേസ്‌ തീര്‍പ്പാക്കാം. അല്ലെങ്കില്‍ ഇരുവര്‍ക്കും അപ്പീല്‍ നല്‍കാനും അവസരമുണ്ട്‌.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ താരങ്ങള്‍ അഭിനയിച്ച ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുടെ വീടുകളിലും പരിശോധന നടന്നിരുന്നു. ഓരോ ചിത്രത്തിന്റെയും യഥാര്‍ത്ഥ പ്രതിഫലം മുഴുവന്‍ താരങ്ങള്‍ ചെക്കായി കൈപ്പറ്റുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. താരങ്ങളുടെ ബാങ്ക്‌ അക്കൗണ്ടിലുള്ള കണക്കില്‍ പെടാത്ത നിക്ഷേപങ്ങളുടെ കണക്കുകള്‍ തയാറായിക്കൊണ്ടിരിക്കുകയാണെന്നും വകുപ്പ്‌ വ്യക്തമാക്കുന്നു. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത പുരാവസ്‌തുക്കള്‍, പെയിന്റിങ്ങുകള്‍ എന്നിവയുടെ മൂല്യം നിര്‍ണയിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. അദ്ദേഹത്തിന്റെ തേവരയിലെ വീ‍ട്ടില്‍ നിന്ന് കണ്ടെടുത്ത ആനക്കൊമ്പിന് ലൈസന്‍സ് ഉണ്ടോ എന്നും പരിശോധിക്കും.

കഴിഞ്ഞ ജൂലൈ 22-നാണ് മോഹന്‍‌ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടന്നത്. താരങ്ങള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ മാസങ്ങളായി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.

കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ 16 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. കൊച്ചിയിലെ മോഹന്‍ലാലിന്റെ വിതരണ കമ്പനിയായ മാക്‌സ് ലാബ്, വിസ്മയ മാക്‌സ് സ്റ്റുഡിയോ, തിരുവനന്തപുരത്ത് മുടവന്‍മുകളിലുള്ള വീട്, കഴക്കൂട്ടം കിന്‍ഫ്രാപാര്‍ക്കിലെ വിസ്മയ മാക്‌സ് സ്റ്റുഡിയോ, ചെന്നൈ നുങ്കമ്പാക്കത്തെ വിജയ ശാന്തി അപ്പാര്‍ട്ട്‌മെന്റിലെ ഫ്ലാറ്റ്, ലാലിന്റെ ഭാര്യാ പിതാവ് ബാലാജിയുടെ എഗ്‌മോറിലെ വീട്, ടിനഗറിലെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. മമ്മൂട്ടിയുടെ രാജാ അണ്ണാമലൈപുരത്തെ വന്ദന അപ്പാര്‍ട്ട്‌മെന്റിലും റെയ്ഡ് നടന്നു. മമ്മൂട്ടിയുമായി ബന്ധപ്പെട്ട് ബാഗ്ലൂരിലെ വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു. താരങ്ങളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :