പീരുമേട്|
സജിത്ത്|
Last Modified ചൊവ്വ, 31 മെയ് 2016 (14:28 IST)
തന്നെയും കുടുംബത്തെയും വധിക്കാന്‍ ശ്രമമുണ്ടായതായി ഇ എസ് ബിജിമോള്‍ എംഎല്‍എ. ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായതിന്റെ പേരിലാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ച മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദിപറയുന്നതിന്റെ ഭാഗമായി അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ വിവിധഭാഗങ്ങളില്‍ എല്‍ ഡി എഫ് സംഘടിപ്പിച്ച യോഗങ്ങളില്‍ സംസാരിക്കുമ്പോഴായിരുന്നു ബിജിമോള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കൂടാതെ പോളിംഗ് ദിവസം ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭക്ഷ്യ വിഷബാധ ഉണ്ടാക്കാനും അതുവഴി തന്നെ പരാജയപ്പെടുത്താനും ശ്രമം നടന്നതായും ബിജിമോള്‍ പറഞ്ഞു. തന്റെ കൂടെയുണ്ടായവര്‍ തന്നെയാണ് ഇതിന്റെ പിന്നിലെന്നും ബിജിമോള്‍ ആരോപിച്ചു. തന്റെ വിശുദ്ധി തെളിയിക്കാന്‍ അഗ്നിശുദ്ധിവരുത്താന്‍ താന്‍ തയ്യാറാണ്. എന്നാല്‍ അതിനുപകരം തന്നേയും ഭര്‍ത്താവിനേയും തന്റെ രണ്ട് ചെറിയ മക്കളേയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും അവര്‍ പറഞ്ഞു. കൂടാതെ താന്‍ അനധികൃത സ്വത്ത്
സമ്പാദിച്ചതായി പതിനാറ് പേജുള്ള ലേഖനം തയ്യാറാക്കി കോപ്പികള്‍ മണ്ഡലത്തില്‍ വിതരണം ചെയ്തവരും കൂട്ടത്തിലുണ്ടായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.