തച്ചങ്കരിയെ തിരിച്ചെടുക്കണം, സര്‍ക്കാരിന് തിരിച്ചടി

കൊച്ചി| WEBDUNIA|
PRO
വിദേശയാത്രാ വിവാദത്തെ തുടര്‍ന്ന് ഐ ജി ടോമിന്‍ ജെ തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്ത സര്‍ക്കാരിന് തിരിച്ചടി. ടോമിന്‍ ജെ തച്ചങ്കരിയുടെ സസ്പെന്‍ഷന് സ്റ്റേ. സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വിദേശ യാത്ര നടത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ടോമിന്‍ തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഉടന്‍ തിരിച്ചെടുക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കേസ് ഈ മാസം 28ലേക്ക് മാറ്റിവെച്ചു. അതിനുള്ളില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്കണമെന്നും സി എ ടി ആവശ്യപ്പെട്ടു.

തച്ചങ്കരി ചട്ടലംഘനം പതിവാക്കിയ ആളാണെന്നും സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് തച്ചങ്കരി വിദേശത്ത് പോയതെന്നും സര്‍ക്കാരിനു വേണ്ടി വാദിച്ച ഗവ: പ്ലീഡര്‍ എം മനോജ് കുമാര്‍ പറഞ്ഞു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് തച്ചങ്കരി സര്‍ക്കാരിനോട് വിശദീകരിച്ചത്.

എന്നാല്‍ തച്ചങ്കരിയെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത് ഏതു നിയമപ്രകാരമാണ് തച്ചങ്കരിക്കു വേണ്ടി ഹാജരായ ഒ ബി ബാലകൃഷ്ണന്‍ ചോദിച്ചു. ലീവ് ലഭിച്ച ഒരാള്‍ക്ക് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വിദേശത്ത് പോകാന്‍ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു പക്ഷത്തിന്‍റെയും വാദം കേട്ട സിഎടി തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്യുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :