തച്ചങ്കരി: പുനരന്വേഷണത്തിന് തയാറെന്ന് മുല്ലപ്പള്ളി

കോഴിക്കോട്‌| WEBDUNIA|
PRO
PRO
വേണമെങ്കില്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരേ പുനരന്വേഷണത്തിന് കേന്ദ്രം തയാറാണെന്ന്‌ കേന്ദ്രആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. തച്ചങ്കരിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ടാണ്‌ ലഭിച്ചിരിക്കുന്നത്‌. ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം തച്ചങ്കരിക്കെതിരെ അന്വേഷണം നടത്തിയത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തതും തിരിച്ചെടുത്തതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കേന്ദ്രത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തരവകുപ്പ്‌ സംസ്ഥാനത്തിന്‌ അയച്ച കത്തിലെ വിവരങ്ങള്‍ പുറത്തുവിടാന്‍ മന്ത്രി തയാറായില്ല. കത്തിടപാടുകള്‍ നടന്നിട്ടുണ്ടാകാമെന്നും എല്ലാ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ കത്തിടപാടുകള്‍ നടക്കുന്നതാണെന്നും ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കത്ത്‌ എങ്ങനെ പുറത്തായി എന്നത്‌ മാധ്യമങ്ങളാണ്‌ വെളിപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :