ഡയല്‍ എ ഡോക്ടര്‍ സേവനം ഉടന്‍ - മന്ത്രി വി.എസ്. ശിവകുമാര്‍

തിരുവനന്തപുരം| WEBDUNIA|
PRO
ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച ദിശ സൗജന്യ ടെലികൗണ്‍സലിംഗ് സേവനം, ഇതിനകം മുപ്പതിനായിരത്തിലധികംപേര്‍ പ്രയോജനപ്പെടുത്തിയതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

പദ്ധതിയുടെ രണ്ടാംഘട്ടമായി ഡയല്‍ എ ഡോക്ടര്‍ സേവനം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് അവരവരുടെ ആരോഗ്യസംബന്ധമായ സംശയങ്ങള്‍ വിവിധ ചികിത്സാവിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുമായി സംസാരിച്ച് ദൂരീകരിക്കുന്നതിനുള്ള പദ്ധതിയാണ് ഡയല്‍ എ ഡോക്ടര്‍.

ഇതിനായി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞതായും മന്ത്രി അറിയിച്ചു. പരീക്ഷാകാലങ്ങളില്‍ ചില വിദ്യാര്‍ത്ഥികളില്‍ കണ്ടുവരുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ഹെല്‍പ്പ്‌ലൈനായി ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് ദിശ കൗണ്‍സലിംഗ് ആരംഭിച്ചത്. തുടര്‍ന്ന് ഫാമിലി കൗണ്‍സലിംഗ്, ആത്മഹത്യാ പ്രവണതക്കെതിരെയുള്ള കൗണ്‍സലിംഗ്, വിവാഹപൂര്‍വ്വ കൗണ്‍സലിംഗ്, കൗമാരാരോഗ്യ കൗണ്‍സലിംഗ്, വയോജന സൗഹൃദ ക്ലിനിക്ക്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമസഹായസെല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാകുന്ന സേവനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറല്‍, സാന്ത്വനപരിചരണ രജിസ്‌ട്രേഷന്‍, വിവിധ ആരോഗ്യക്ഷേമ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കല്‍ എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് ദിശയുടെ സേവനം വ്യാപിപ്പിച്ചു.

ദിശയിലേക്ക് ഏറ്റവും കൂടുതല്‍ കോളുകള്‍ ലഭിച്ചത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്; 4602 കോളുകള്‍. 2184 കോളുകളോടെ മലപ്പുറം ജില്ലയാണ് തൊട്ടുപിന്നില്‍. 16,051 വിദ്യാര്‍ത്ഥികള്‍ പരീക്ഷാ സംബന്ധമായ കാര്യങ്ങള്‍ക്ക് പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തി. 1050 കോളുകളാണ് ഫാമിലി കൗണ്‍സലിംഗ് വിഭാഗത്തില്‍ ലഭിച്ചത്. ബൃഹത്തായ ഈ പദ്ധതിയുടെ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :