ട്രെയിന്‍ അട്ടിമറി എന്‍ഐഎയ്ക്ക് വിടുന്നതില്‍ ദുരൂഹത: മുല്ലപ്പള്ളി

കോഴിക്കോട്‌| WEBDUNIA| Last Modified ചൊവ്വ, 13 ജൂലൈ 2010 (13:16 IST)
PRO
നിലമ്പൂരില്‍ നടന്ന ട്രെയിന്‍ അട്ടിമറി ശ്രമം എന്‍ ഐ എയ്ക്ക് വിടുന്നതില്‍ ദുരൂഹതയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പൊലീസ്‌ സംവിധാനം പരാജയപ്പെട്ടോ എന്ന്‌ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിലമ്പൂര്‍ അട്ടിമറിയുടെ അന്വേഷണം എന്‍ ഐ എയ്ക്ക് വിട്ടതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടോ എന്നും മുല്ലപ്പള്ളി സംശയം പ്രകടിപ്പിച്ചു. സംസ്ഥാന പൊലീസ്‌ കാര്യക്ഷമമായി അന്വേഷണം നടത്തുന്നുവെന്നാണ്‌ ആഭ്യന്തരമന്ത്രി നിയമസഭയില്‍ പറഞ്ഞത്‌. ഡിജിപിയും ഇതുതന്നെ പറഞ്ഞിട്ടുണ്ട്‌. സംസ്ഥാന പൊലീസ്‌ അന്വേഷണം നല്ലരീതിയില്‍ പോകുന്നുണ്ടെന്നാണ്‌ തനിക്ക്‌ ലഭ്യമായ വിവരമെന്നും മുല്ലപ്പള്ളി പറഞ്ഞു.

എന്‍ ഐ എയുടെ അന്വേഷണം ഏറ്റെടുക്കുന്നത് സംസ്ഥാന പൊലീസിന്‍റെ ആത്മവീര്യത്തെ തകര്‍ക്കും. എല്ലാ കേസുകളും എന്‍ ഐ എയ്ക്ക്‌ ഏറ്റെടുക്കാനാവില്ല. കേസ്‌ അന്വേഷണത്തില്‍ സംസ്ഥാന പൊലീസ്‌ പരാജയപ്പെട്ടാല്‍ മാത്രമേ എന്‍ ഐ എയ്ക്ക്‌ ഏറ്റെടുക്കാനാകൂ. എന്‍ ഐ എ അടുത്തകാലത്ത്‌ ആരംഭിച്ച ഏജന്‍സിയാണെന്നും സംസ്ഥാനത്തെ എല്ലാ കേസുകളും എന്‍ ഐ എ ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെടുന്നത്‌ ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

തീവ്രവാദത്തെക്കുറിച്ച്‌ തിങ്കളാഴ്ച നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കുള്ള മറുപടിയായാണ്‌ നിലമ്പൂരില്‍ ട്രെയിനിന്‍റെ ബ്രേക്ക്‌ പൈപ്പുകള്‍ മുറിക്കപ്പെട്ട സംഭവം എന്‍ ഐ എ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന്‌ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :