ട്രെയിനില്‍ യാത്രക്കാരിക്ക് മാനഭംഗശ്രമം; കുപ്രസിദ്ധ കുറ്റവാളി ജംബുലി ബിജു പിടിയില്‍

കോഴിക്കോട്| WEBDUNIA|
PRO
PRO
പരശുറാം എക്‌സ്പ്രസില്‍ യാത്രക്കാരിക്ക് നേരെ മാനഭംഗശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ കുറ്റവാളി ജംബുലി ബിജു പിടിയിലായി. യുവതിയെ ആക്രമിച്ച ബിജുവിനെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി മര്‍ദ്ദിച്ചു. ഗുരുതരാവസ്ഥയിലായ യുവാവിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജംബുലി ബിജുവിനെതിരേ ഏഴു കേസുകള്‍ നിലവിലുണ്ട്. അഞ്ചലില്‍ ഒരു വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. ഈ മാസം മൂന്നിനായിരുന്നു സംഭവം. അക്രമത്തിനിരയായ വീട്ടമ്മ ഇയാളുടെ ചുണ്ട് കടിച്ചു മുറിച്ചാണ് അന്ന് രക്ഷപ്പെട്ടത്. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. സംവിധായകന്‍ അന്‍വര്‍ റഷീദിനെ ആക്രമിച്ച കേസിലും മറ്റു ചില അക്രമ സംഭവങ്ങളിലും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്നതിനിടെയാണ് വടകരയില്‍ വച്ച് ഇയാള്‍ പിടിയിലാകുന്നത്.

മംഗലാപുരത്തുനിന്നും നാഗര്‍കോവിലിലേക്ക് വന്ന ട്രെയിനില്‍ വടകരയില്‍ വച്ചാണ് യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇതിനെ എതിര്‍ത്ത പെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും അസഭ്യവര്‍ഷം നടത്തി അപമാനിച്ചു. ഇതോടെ മറ്റു യാത്രക്കാര്‍ രംഗത്തെത്തി. യാത്രക്കാര്‍ ഇയാളെ പിടിച്ചുകെട്ടി മര്‍ദ്ദിച്ചു. അതിനിടയിലും ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. യാത്രക്കാരെയും ഇയാള്‍ മര്‍ദ്ദിച്ചു. ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ ഇയാളെ പോലീസിനു കൈമാറി. റെയില്‍വേ പോലീസ് കൊണ്ടുപോകുന്നതിനിടെയിലും ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു.

തിരുവനന്തപുരത്ത് ഒരു പരീക്ഷ എഴുതാന്‍ പോവുകയായിരുന്നു 20കാരിയായ പെണ്‍കുട്ടിയും കുടുംബാംഗങ്ങളും. പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലാണെന്നാണ് യുവാവ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇയാളെ അറിയില്ലെന്ന് പെണ്‍കുട്ടിയും കുടുംബവും വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :