ട്രാക്കില്‍ കണ്ടെത്തിയത് ഡിറ്റണേറ്റര്‍: അട്ടിമറി ശ്രമം?

തലയോലപ്പറമ്പ്‌| WEBDUNIA|
PRO
PRO
വെള്ളൂരില്‍ റെയില്‍വെ ട്രാക്കില്‍ നിന്ന്‌ കണ്ടെത്തിയ വസ്തു സ്ഫോടകശേഷിയുള്ള ഡിറ്റണേറ്റര്‍ ആണെന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചു. വിശദമായ പരിശോധനയ്ക്ക്‌ ശേഷമാണ്‌ ഇത് ഡിറ്റണേറ്റര്‍ ആണെന്ന്‌ സ്ഥിരീകരിച്ചത്‌. ചോറ്റു പാത്രത്തില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഡിറ്റണേറ്റര്‍ കണ്ടെത്തിയത്. ഡിറ്റണേറ്റര്‍ പിന്നീട്‌ നിര്‍വീര്യമാക്കി.

അട്ടിമറിസാധ്യത തള്ളക്കളയാനാകില്ലെന്ന്‌ സ്ഥലത്തെത്തിയ കോട്ടയം ജില്ലാ പൊലീസ്‌ സൂപ്രണ്ട്‌ പറഞ്ഞു. ഇത് സംബന്ധിച്ച് വിശദാമായ അന്വേഷണം നടത്തും. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് അജ്ഞാതരായ ചിലരെ കണ്ടിരുന്നു. ഇവരെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടത്തുകയെന്നും എസ് പി വ്യക്തമാക്കി.

രാവിലെ പത്തരയോടെ ചോറ്റുപാത്രത്തിനുള്ളില്‍ പൈപ്പും ടൈമറും വയറുകളും ഘടിപ്പിച്ച നിലയില്‍ കണ്ടെത്തിയ വസ്തുവാണ്‌ സംശയത്തിനും പരിഭ്രാന്തിക്കും ഇടയാക്കിയത്‌. പിറവം റോഡ്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ 50 മീറ്റര്‍ വടക്കുമാറി തോന്നല്ലൂര്‍ ഭാഗത്താണു പുതിയ റെയില്‍വേ ലൈനിന്റെ നിര്‍മാണജോലിക്കായി എത്തിയ തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന്‌ ഇവര്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു.

കോട്ടയം-എറണാകുളം പാതയിലെ ട്രെയിന്‍ ഗതാഗതം ഇതുമൂലം മണിക്കൂറുകളോളം മുടങ്ങി. എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്ന ശബരി എക്സ്പ്രസ്‌, കന്യാകുമാരി-മുംബൈ ജയന്തിജനത എന്നീ ട്രെയിനുകള്‍ പിറവം റോഡ്‌ സ്റ്റേഷനില്‍ പിടിച്ചിട്ടു. പന്ത്രണ്ട്‌ മണിയോടെ ഭീഷണിയില്ലെന്ന നിഗമനത്തിലാണ്‌ ഈ പാതയിലൂടെ റെയില്‍ ഗതാഗതം പുനസ്ഥാപിച്ചത്‌. കോട്ടയത്തുനിന്നെത്തിയ ബോംബ്‌ സ്ക്വാഡ് വസ്തു വിശദമായ പരിശോധനയ്ക്ക്‌ വിധേയമാക്കിയതിന് ശേഷമാണ് വസ്തു ഡിറ്റണേറ്ററാണെന്ന് സ്ഥിരീകരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :