ട്രാക്കിലെ ബോംബ്: പിന്നില്‍ വ്യക്തി വൈരാഗ്യം?

കൊച്ചി| WEBDUNIA|
PRO
PRO
കോട്ടയം-എറണാകുളം റെയില്‍ പാതയില്‍ വെള്ളൂര് നിന്ന് പൈപ്പ് ബോംബ്‌ കണ്ടെത്തിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. എം പാനല്‍ ബസ് ഡ്രൈവറായ സെന്തിലിനെയാണ് പൊലീസ് തിരയുന്നത്. വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് ട്രാക്കില്‍ ബോംബ് സ്ഥാപിച്ചത് എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്ത പിറവം എടക്കാട്ടുവയല്‍ സ്വദേശി തോമസ് എന്നയാളോട് സെന്തിലിന് വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് സൂചന. ഇതിലുള്ള പ്രതികാരമായാണ് ബോംബ് സ്ഥാപിച്ചത് എന്നും കരുതപ്പെടുന്നു.

ബോംബ് ഒളിപ്പിച്ച സ്റ്റീല്‍ ചോറ്റുപാത്രത്തില്‍ നിന്ന് തോമസിന്റെ പേരും ഒരു ബൈക്കിന്റെ നമ്പറും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തോമസിനെ ചോദ്യം ചെയ്തത്. തോമസും സെന്തിലും ഒരു സ്വകാര്യ ബസിലെ ജീവനക്കാരായിരുന്നു. മുമ്പ് തോമസിനെ ആസിഡ് ഒഴിച്ച് കൊല്ലാന്‍ ഇയാള്‍ ശ്രമിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ബോംബ് സ്ഥാപിച്ചതില്‍ ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

അമോണിയം നൈട്രേറ്റ്, ഡിറ്റണേറ്റര്‍, ബാറ്ററി എന്നിവ ബന്ധിപ്പിച്ചാണ് ബോംബ് നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഭീകരന്‍ തടിയന്റവിട നസീറും കൂട്ടാളികളും നടത്തിയ സ്ഫോടനങ്ങളിലും അമോണിയം നൈട്രേറ്റിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. അതിനാല്‍ ഈ സംഭവത്തിലും ഭീകരര്‍ക്ക് പങ്കുണ്ടോ എന്ന സംശയം ബലപ്പെടുകയാണ്.
അതേസമയം ബോംബ് നിര്‍മ്മാണത്തിലെ പിഴവുമൂലമാണ് വന്‍ ദുരന്തം ഒഴിവായത് എന്നാണ് ബോംബ് സ്ക്വാഡിന്റെ കണ്ടെത്തല്‍. ഡിറ്റണേറ്ററും ബാറ്ററിയും ബന്ധിപ്പിച്ചതിനെ പിഴവുമൂലമാണ് ബോംബ് പൊട്ടാതെ പോയത്. നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്‌സ്പ്രസ്‌ കടന്നുവരുന്നതിന്‌ ഏതാനും മിനിട്ടുകള്‍ക്ക്‌ മുന്‍പായിരുന്നു ബോംബ് കണ്ടെത്തിയത്.

ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പഴുതില്ലാത്ത അന്വേഷണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും തീവ്രവാദം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :