'ട്രഷറിയില്‍ 2500 കോടി ബാക്കി'

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാന ജീവനക്കാരുടെ വര്‍ദ്ധിപ്പിച്ച ശമ്പളം മെയില്‍ ലഭിക്കുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക് അറിയിച്ചു. ഫെബ്രുവരി മുതലുള്ള കുടിശ്ശിക പണമായി ചേര്‍ത്ത് മെയില്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് മാസത്തിന്റെ അവസാന രണ്ട് ദിവസങ്ങളില്‍ മൂവായിരം കോടി രൂപയുടെ ബില്ലുകള്‍ മാറി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ട്രഷറിയില്‍ 2500 കോടിയോളം രൂപ മിച്ചമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വാണിജ്യനികുതി പിരിക്കുന്നതിലുണ്ടായ വന്‍വര്‍ധനയാണിതിന് കാരണം.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ട്രഷറികളിലെ തിരക്ക് കൈകാര്യം ചെയ്യാന്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഏതാണ്ട് മൂന്നുലക്ഷം ചെക്കുകളാണ് അവസാന രണ്ട് ദിവസങ്ങളില്‍ കൈകാര്യം ചെയ്യുക. ഈ ദിവസങ്ങളില്‍ ട്രഷറികള്‍ വൈകിയും പ്രവര്‍ത്തിക്കും. എസ് ബി ടി, എസ് ബി ഐ ബാങ്കുകള്‍ 31-ന് രാത്രി 11-വരെ പ്രവര്‍ത്തിക്കും.

ഈ വര്‍ഷത്തെ നികുതി വരുമാനം 16100 കോടിയാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 22 ശതമാനം കൂടുതലായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു. വാറ്റിതര ഇനങ്ങളായ വിദേശമദ്യം, പെട്രോളിയം എന്നിവയുടെ നികുതിയില്‍ 29 ശതമാനവും വര്‍ധനയുണ്ടായി. തിങ്കളാഴ്ച വരെ 14000 കോടി രൂപയാണ് നികുതിയായി കിട്ടിയതെന്ന് മന്ത്രി വ്യക്തമാക്കി.

വെള്ളയമ്പലം കെല്‍ട്രോണ്‍ കാമ്പസിന് പുറത്തെ നടപ്പാതയായിലാണ് തോമസ് ഐസക് പത്രസമ്മേളനം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :