ടോള്‍ നല്‍കാന്‍ 80 രൂപയുടെ 50 പൈസ നാണയങ്ങള്‍; യുവാക്കളുടെ ‘ചില്ലറ‘ സമരം

മണ്ണൂത്തി| WEBDUNIA|
PRO
പലതരം പ്രതിഷേധങ്ങള്‍ക്ക് കേരളം സാക്ഷിയായിട്ടുണ്ട്. ടോള്‍ നല്‍കാന്‍ നിര്‍ത്തിയ കാറുകളില്‍നിന്ന് യുവാക്കള്‍ ടോള്‍ നല്‍കാന്‍ സന്തോഷത്തോടെ ഇറങ്ങി വന്നപ്പോള്‍ ടോള്‍ ബൂത്തിലിരുന്ന ജീവനക്കാരറിഞ്ഞില്ല അതൊരു പുതിയ പ്രതിഷേധമാണെന്ന്.

പുതിയ സമരമുറ അവതരിപ്പിച്ചത് തൃശ്ശൂര്‍ സ്വദേശികളായ സ്വാതി റഹിം, അല്‍ബിന്‍ റൊസാരിയോ, ഫെബീഷ്, റനീഷ്, അപ്പു, അരുണ്‍ജോര്‍ജ്ജ്, പ്രതീഷ്, രവി എന്നിവരാണ്.

നാല് കാറുകളിലായി ടോള്‍പ്ലാസയുടെ നാല് ട്രാക്കുകളില്‍ പ്രവേശിച്ച യുവാക്കള്‍ കാറുകളുടെ ടോള്‍നിരക്കായ 80 രൂപയ്ക്ക് ഒരു രൂപയുടെയും 50 പൈസയുടെയും നാണയങ്ങള്‍ നല്‍കി.

നാലു കൗണ്ടറുകളിലും ഒരേ സമയത്തായിരുന്നു യുവാക്കള്‍ കടന്നത്. അതുകൊണ്ടുതന്നെ ടോള്‍ ജീവനക്കാര്‍ നാണയമെണ്ണി വശം കെട്ടു. ജീവനക്കാര്‍ ഒരു വശത്തേക്കുള്ള ടിക്കറ്റ് നല്‍കി കാറുകള്‍ കടത്തിവിടാന്‍ ശ്രമിച്ചെങ്കിലും യുവാക്കള്‍ വഴങ്ങിയില്ല.

ഇതിനിടെ ടോള്‍ പ്ലാസ വാഹനങ്ങള്‍കൊണ്ടു നിറഞ്ഞു. നാല് ബൂത്തുകള്‍ക്കു മുന്നില്‍ നിന്നും നൂറുകണക്കിന് വാഹനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ദേശീയപാതയില്‍ നിരന്നു. നാണയമെണ്ണല്‍ തുടരുകയും വാഹനിര നീളുകയും ചെയ്തതോടെ ടോള്‍ പ്ലാസയില്‍ അപായമണി മുഴക്കി, പോലീസുകാര്‍ പാഞ്ഞെത്തി.


തുടര്‍ന്ന് പൊലീസിന്റെ നേതൃത്വത്തില്‍ അഞ്ചാം ട്രാക്ക് തുറന്ന് ടോള്‍ ഒഴിവാക്കി വാഹനങ്ങള്‍ കടത്തിവിട്ടാണ് ഗതാഗതക്കുരുക്ക് പരിഹരിച്ചത്. തൃശ്ശൂര്‍ സ്വദേശികളായ യുവാക്കളാണ് വ്യത്യസ്തമായ സമരത്തിന് നേതൃത്വം നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :