ടോട്ടല്‍ തട്ടിപ്പ്‌: പ്രസ്താവന മാറ്റാന്‍ നിര്‍ബന്ധിച്ചെന്ന് രമണി

തിരുവനന്തപുരം| WEBDUNIA|
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസില്‍ മന്ത്രി പുത്രന്മാര്‍ക്കെതിരെയുള്ള പ്രസ്‌താവന തിരുത്താന്‍ ക്രൈംബ്രാഞ്ച്‌ സംഘം തന്നെ നിര്‍ബന്ധിച്ചെന്ന് കേസിലെ പ്രധാന പ്രതിയായ ഡോ രമണി മൊഴി നല്‍കി. ഇതിനായി, തന്നെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നതിന്‍റെ ഓഡിയോ സി ഡി രേഖകളും അവര്‍ വെളിപ്പെടുത്തി.

ടോട്ടല്‍ തട്ടിപ്പ് കേസില്‍ മന്ത്രി പുത്രന്മാര്‍ക്ക് പങ്കില്ലെന്ന്‌ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ പറയാന്‍ ഡോ രമണിയോട് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി രഘു നിര്‍ദ്ദേശിക്കുന്ന സംഭാഷണങ്ങളടങ്ങിയ സി ഡി വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ചു. രമണിയുടെ അഭിഭാഷകന്‍ ശിവശങ്കറാണ്‌ രണ്ട്‌ ഓഡിയോ സി ഡികള്‍ ടോട്ടല്‍ തട്ടിപ്പു കേസുകള്‍ പരിഗണിക്കുന്ന തിരുവനന്തപുരം ചീഫ്‌ ജുഡിഷ്യല്‍ മജിസ്‌ട്രേട്ട്‌ ചെറിയാന്‍ വര്‍ഗീസിന്‌ മുന്‍പാകെ സമര്‍പ്പിച്ചത്.

മന്ത്രി പുത്രന്മാര്‍ക്കെതിരെയുള്ള പ്രസ്താവന തിരുത്തുകയാണെങ്കില്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ രമണിയോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന്, അതേദിവസം വൈകുന്നേരം രമണി വാര്‍ത്താമാധ്യമങ്ങള്‍ക്കു മുന്നില്‍ തന്‍റെ പ്രസ്താവന തിരുത്തുകയും ചെയ്തിരുന്നു.

ശബരിയുടെ പല ബിസിനസ്‌ സംരംഭങ്ങളുമായും മന്ത്രി പുത്രന്മാര്‍ക്ക്‌ ബന്ധമുണ്ടെന്ന്‌ നേരത്തെ ഒരു വാര്‍ത്താ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ രമണി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം നിഷേധിക്കണമെന്നും മറ്റാരോടും പറയരുതെന്നും ഡി വൈ എസ് പി രഘു രമണിയോട്‌ ആവശ്യപ്പെടുന്നതും സി ഡിയില്‍ ഉണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :