ടിപി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ കെ രമ നിരാഹാരം തുടങ്ങുന്നു

കോഴിക്കോട്| WEBDUNIA|
PRO
PRO
ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വിധവ നിരാഹാര സമരത്തിന് ഒരുങ്ങുന്നു. ഫെബ്രുവരി മൂന്ന് മുതല്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ ആണ് രമ നിരാഹാരസമരം നടത്തുക. ആര്‍എംപിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ആര്‍എംപി നേതാക്കളാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരും രമയ്ക്കൊപ്പം റിലേ നിരാഹാര സമരം നടത്തും. ടിപി വധക്കേസില്‍ ചൊവ്വാഴ്ച ശിക്ഷാവിധി വരാനിരിക്കുകയാണ്.

ടി പി വധക്കേസ് വിധിയില്‍ പൂര്‍ണ്ണ തൃപ്തയല്ലെന്ന് രമ നേരത്തെ അറിയിച്ചിരുന്നു. സിപി‌എം കോഴിക്കോട് ജില്ലാകമ്മറ്റിയംഗം പി മോഹനനും പടയങ്കണ്ടി രവീന്ദ്രനുമടക്കമുള്ള 24 പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകുമെന്ന് രമ അറിയിച്ചു. ടിപി വധത്തില്‍ സിപി‌എമ്മിന്റെ പങ്ക് നിഷേധിക്കാന്‍ കഴിയില്ലെന്നും രമ പറഞ്ഞു.

കൊലയില്‍ പങ്കില്ലെന്ന് സിപി‌എമ്മിന് പറയാന്‍ കഴിയില്ല. സിപി‌എം നേതാക്കളായ കുഞ്ഞനന്തനും കെസി രാമചന്ദ്രനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. രണ്ട് ജില്ലകളില്‍ നിന്നുള്ള ആളുകള്‍ ആണ് ശിക്ഷിക്കപ്പെട്ടത്. ടി പി ചന്ദ്രശേഖരനോട് ക്രിമിനല്‍ സംഘത്തിന് വ്യക്തിപരമായ വിരോധം തോന്നേണ്ട കാര്യമില്ല. സിപി‌എമ്മിന്റെ അറിവോടെ തന്നെയാണ് കൊല നടത്തിയത്. സിപി‌എം നേതൃത്വത്തിന്റെ പങ്ക് പുറത്തുവരണമെന്നു രമ പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായാണ് രമ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :