ടി പി വധം ഒരു പ്രാദേശിക സംഭവം: വി എസ്

തിരുവനന്തപുരം| WEBDUNIA|
PRO
ടി പി ചന്ദ്രശേഖരന്‍ വധം ഒരു പ്രാദേശിക സംഭവമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഒരു ചെറിയ പ്രദേശത്തെ ഒരു സഖാവിനെ ഏതാനും ആളുകള്‍ കൊലപ്പെടുത്തി എന്നതുകൊണ്ട് രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മൊത്തമായി അത് ബാധിക്കില്ല. എന്നാല്‍ അതിനെ അവഗണിക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ, തന്‍റെ നിലപാടുകൂടി അംഗീകരിച്ചുകൊണ്ടാണ് പാര്‍ട്ടി ആ കൊലപാതകവുമായി ബന്ധപ്പെട്ട ഒരു നേതാവിനെ പുറത്താക്കിയതെന്നും വി എസ് വ്യക്തമാക്കി.

ഇന്ത്യാവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വി എസ് അച്യുതാനന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ടി പി വധത്തിന്‍റെ ഉത്തരവാദികള്‍ ഭരണനേതൃത്വത്തിലിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളാണെന്നും വി എസ് പറഞ്ഞു.

എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ കീഴ്ക്കോടതി വിധി എല്ലാക്കാര്യങ്ങളും പൂര്‍ണമായും പഠിച്ചുകൊണ്ടാണെന്ന് പറയാനാകില്ലെന്നും മേല്‍ക്കോടതി വിധി വരുമ്പോള്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ നിഗമനത്തിലെത്താന്‍ കഴിയുകയുള്ളൂ എന്നും വി എസ് പറഞ്ഞു. എങ്കിലും വിധി അനുകൂലമായി വന്നപ്പോള്‍ പിണറായി വിജയനെ അഭിനന്ദിച്ചു എന്നും വി എസ് പറഞ്ഞു.

താന്‍ കാലങ്ങളായി തുടര്‍ന്നുവന്ന നിലപാടില്‍ വ്യത്യാസമൊന്നും വരുത്തിയിട്ടില്ലെന്നും ഒരു പദവിയും മോഹിച്ചല്ല തന്‍റെ രാഷ്ട്രീയ നിലപാടുകളെന്നും വി എസ് വ്യക്തമാക്കി. ഇപ്പോള്‍ തന്നേക്കുറിച്ച് എന്തെങ്കിലും തെറ്റിദ്ധാരണ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഉടന്‍ തന്നെ സത്യം ബോധ്യപ്പെടുമെന്നും വി എസ് പറഞ്ഞു.

ടി പി വധക്കേസില്‍ കേന്ദ്ര നേതൃത്വമാണ് അന്വേഷണം നടത്തിയതെന്നും അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും വി എസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :