ഞാന്‍ രാഷ്ട്രീയം വിടുകയാണ്: ഉണ്ണിത്താന്‍

കൊല്ലം| WEBDUNIA|
PRO
"ഞാന്‍ രാഷ്ട്രീയം വിടുകയാണ്” കോണ്‍ഗ്രസ് നേതാവും സിനിമാതാരവും വിവാദനായകനുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു. ഒരു പ്രമുഖ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണിത്താന്‍ തന്‍റെ തീരുമാനം വ്യക്തമാക്കുന്നത്. നാല്‍പ്പത്തിയാറു വര്‍ഷം നീളുന്ന പൊതുജീവിതത്തിന്‍റെ അവസാനം താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

“കേരളത്തിലൂടെ കാറില്‍ സഞ്ചരിക്കുകയോ ഒരു മുറിയിലിരുന്ന് സംസാരിക്കുകയോ ചെയ്യുന്ന ഭാര്യാ - ഭര്‍ത്താക്കന്‍‌മാരല്ലാത്ത ആണ്‍ - പെണ്‍ സുഹൃത്തുക്കള്‍ സൂക്ഷിക്കുക. ആര്‍ക്കു വേണമെങ്കിലും നിങ്ങളെ തടഞ്ഞുവച്ച് അനാശാസ്യം നടക്കുന്നതായി ആരോപിക്കാം. ഒരാളെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ല വഴി അതാണെന്ന് ഡി വൈ എഫ് ഐയും പി ഡി പിയും കണ്ടുപിടിച്ചിരിക്കുകയാണ്” - ഉണ്ണിത്താന്‍ പറയുന്നു.

കോടതിയിലും പാര്‍ട്ടിയിലും കുറ്റക്കാരനല്ലെന്ന് തെളിഞ്ഞേക്കാം, പക്ഷേ രാജ്മോഹന്‍ ഉണ്ണിത്താന്‍ കടുത്ത മനോവിഷമത്തിലാണ്. “എനിക്കും എന്‍റെ കുടുംബത്തിനും ആ പെണ്‍കുട്ടിക്കും ഉണ്ടായ അപമാനം ഈ ജന്‍‌മം കൊണ്ട് തീരുന്നതല്ല. രാഷ്ട്രീയ പകപോക്കല്‍ ആകാം. പക്ഷേ, അതൊരു കുടുംബത്തെ തകര്‍ത്തുകൊണ്ടാകരുത്” - ഉണ്ണിത്താന്‍ പറയുന്നു.

മഞ്ചേരിയില്‍ ഡി വൈ എഫ് ഐയുടെയും പി ഡി പിയുടെയും ഗുണ്ടകളാണ് അഴിഞ്ഞാടിയതെന്ന് ഉണിത്താന്‍ പറയുന്നു. “എന്‍റെ പുതിയ സ്വിഫ്റ്റ് കാര്‍ അവര്‍ നശിപ്പിച്ചു. മുനകൂര്‍ത്ത കഠാര കൊണ്ട് കാറില്‍ നിറയെ ഡി വൈ എഫ് ഐ സിന്ദാബാദ്, പി ഡി പി സിന്ദാബാദ് എന്നെഴുതി വച്ചു. എ ഐ സി സി അംഗവും സിനിമാനടനുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ അനാശാസ്യത്തിന് പിടിക്കപ്പെട്ട് തലകുനിച്ചിരിക്കുന്നതു കാണാന്‍ ജനം പ്രവഹിക്കുകയായിരുന്നു. വലിയ ദൈവവിശ്വാസിയാണ് ഞാന്‍. പക്ഷേ, സകല ദൈവങ്ങളെയും ശപിച്ചു പോയ നിമിഷങ്ങളായിരുന്നു അത്” - അഭിമുഖത്തില്‍ ഉണ്ണിത്താന്‍ പറയുന്നു.

മഞ്ചേരിയില്‍ ജയലക്ഷ്മി എന്ന പെണ്‍കുട്ടിയോടൊപ്പം തന്നെ കുരുക്കിലാക്കിയ ഗുണ്ടകള്‍ തന്‍റെ പണവും മൊബൈല്‍ ഫോണും അപഹരിച്ചെന്നും പെണ്‍കുട്ടിയെ ശാരീരികമായി ദ്രോഹിച്ചുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :