ജോസഫിന് ഇന്ന് കുറ്റപത്രം നല്‍കും

P.J. Joseph
KBJWD
ചെന്നൈ നിവാസിയായ മലയാളി സ്‌ത്രീയോട്‌ വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറിയെന്ന കേസില്‍ കേരളാ കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയുമായ പി.ജെ. ജോസഫിന്‌ ഇന്ന് കുറ്റപത്രത്തിന്‍റെ പകര്‍പ്പ് നല്‌കിയേക്കും.

ചെന്നൈയിലെ ആലന്തൂര്‍ കോടതിയാണ് കുറ്റപത്രം നല്‍കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 354, തമിഴ്‌നാട്‌ വനിതാ പീഡന നിരോധന നിയമം നാല്‌ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ്‌ കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളതെന്നറിയുന്നു. വളരെ നീണ്ട അന്വേഷണത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ ചെന്നൈ വിമാനത്താവളം പോലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

സംഭവം നടന്ന 2006 ഓഗസ്റ്റ് മൂന്നിന് പരാതിക്കാരിയായ ലക്ഷ്മി ഗോപകുമാര്‍ നല്‍കിയ പരാതിയുടെ കോപ്പി ലഭിക്കാത്തതിനാലാണ് കുറ്റപത്രം നല്‍കാന്‍ വൈകിയതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ചെന്നൈയില്‍നിന്ന്‌ കൊച്ചിക്ക്‌ പുറപ്പെട്ട കിങ്‌ഫിഷര്‍ വിമാനത്തിനുള്ളില്‍വെച്ച്‌ ജോസഫ്‌ തന്നോട്‌ അപമര്യാദയായി പെരുമാറിയെന്നായിരുന്നു ലക്ഷ്‌മി ഗോപകുമാര്‍ നല്‌കിയ പരാതി.

സംഭവം നടന്ന വിമാനത്തിലെ എയര്‍ ഹോസ്റ്റസ് നല്‍കിയ ദൈനംദിന റിപ്പോര്‍ട്ടില്‍ ജോസഫിനെതിരെ പരാമര്‍ശമുണ്ട്. ജോസഫ് തനിക്ക് അനുവദിച്ച സീറ്റിലിരിക്കാതെ ലക്‍ഷിമിയുടെ സീറ്റിന് പിറകിലത്തെ സീറ്റില്‍ പോയി ഇരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സഹയാത്രികയായ ലക്ഷ്മിയോട് മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ചെന്നൈ| M. RAJU| Last Modified ചൊവ്വ, 29 ഏപ്രില്‍ 2008 (10:39 IST)
ഈ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കുറ്റപത്രത്തോടൊപ്പം പൊലീസ് നല്‍കിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ അന്വേഷണത്തിനായി നിയോഗിച്ച ഐ.ജി സന്ധ്യയുടെ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പും കുറ്റപത്രത്തോടൊപ്പമുണ്ട്. ഇന്ന് ഉച്ചയോടെ കുറ്റപത്രത്തിന്‍റെ പകര്‍പ്പ് പി.ജെ ജോസഫിന് നല്‍കുമെന്നാണ് അറിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :