ജസ്‌റ്റീസ്‌ ആര്‍ ബസന്തിന്റെ ബാലവേശ്യാവൃത്തി പ്രസ്താവനയില്‍ പ്രതിഷേധം പുകയുന്നു

തിരുവനന്തപുരം| Venkateswara Rao Immade Setti|
PRO
സൂര്യനെല്ലി പെണ്‍കുട്ടി നടത്തിയത്‌ ബാലവേശ്യാവൃത്തിയാണെന്ന ജസ്‌റ്റീസ്‌ ആര്‍ ബസന്തിന്റെ പ്രസ്‌താവനയ്‌ക്കെതിരേ പ്രതിഷേധം പുകയുന്നു. ബസന്തിനെതിരേ സംസ്‌ഥാനത്തെ വിവിധ മഹിളാ പ്രവര്‍ത്തകരും ഇടതുപക്ഷ അനുകൂല സംഘടനകളുടെ പ്രവര്‍ത്തകരും നേതാക്കളുമെല്ലാം രംഗത്തു വന്നിരിക്കുകയാണ്‌.

സൂര്യനെല്ലി പെണ്‍കുട്ടിയെ അധിക്ഷേപിച്ച് സംസാരിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ആര്‍ ബസന്ത് പങ്കെടുക്കേണ്ട തലശേരിയിലെ യോഗസ്ഥലത്തേക്ക് ഡിവൈഎഫ്ഐ,​ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രകടനം നടത്തി. ഡല്‍ഹി സംഭവത്തിനെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചുള്ള ഒരു യോഗത്തില്‍ പങ്കെടുക്കാനാ‍ണ് ബസന്ത് എത്തിയത്.

അതിനിടെ ജസ്റ്റീസ് ബസന്താണെന്ന് കരുതി മറ്റൊരു ജഡ്ജിയുടെ കാറിനു നേരെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു.സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരേയുള്ള ബസന്തിന്റെ അഭിപ്രായത്തോട്‌ യോജിപ്പില്ലെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വ്യക്‌തമാക്കി.

സ്‌ത്രീകളെ ബഹുമാനിക്കുന്നയാള്‍ എന്ന നിലയില്‍ ഇതിനോട്‌ യോജിക്കാനാകില്ലെന്നും ഗവണ്‍മെന്റ്‌ എല്ലാ കാര്യങ്ങളും നിയമാനുസൃതമാണ്‌ നോക്കി കാണുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രതികരിച്ചു.

ബസന്ത്‌ നിയമവ്യവസ്‌ഥയെ വെല്ലുവിളിക്കുകയാണെന്നും ബസന്തിനെതിരേ കോടതി കേസെടുക്കണമെന്നും എഐവൈഎഫ്‌ പറഞ്ഞു. കേസ്‌ അട്ടിമറിച്ചതില്‍ ബസന്തിന്റെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ ഡിവൈഎഫ്‌ഐയും ആവശ്യപ്പെട്ടു.

ബസന്തിന്റെ പരിപാടികള്‍ സ്‌ത്രീകള്‍ ബഹിഷ്‌ക്കരിക്കണമെന്നായിരുന്നു സിപിഎം വനിതാ നേതാവ്‌ പി കെ ശ്രീമതിയുടെ പ്രതികരണം. ലയാളികള്‍ക്ക്‌ ആകെ അപമാനമാണെന്നും പറഞ്ഞു. ബസന്തിന്റെ നിലപാട്‌ തെറ്റാണെന്നും സുപ്രീംകോടതിയില്‍ വാദിക്കാനുള്ള ഇദ്ദേഹത്തിന്റെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട പി കെ ശ്രീമതി ജനാധിപത്യ മഹിളാഅസോസിയേഷന്‍ ബസന്തിന്റെ കോലം കത്തിക്കുമെന്നും വ്യക്‌തമാക്കി.

നീതിന്യായ വ്യവസ്‌ഥയ്‌ക്ക് ബസന്ത്‌ തീരാ കളങ്കമാണെന്ന്‌ കെകെ ശൈലജ പറഞ്ഞു. അധമത്വം എന്നായിരുന്നു ബസന്തിന്റെ പ്രസ്‌താവനയോട്‌ പെണ്‍കുട്ടിയുടെ പിതാവ്‌ പ്രതികരിച്ചത്‌. അന്നത്തെ വിധി പ്രസ്‌താവ്യം അസംബന്ധമെന്നും പിതാവ്‌ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :