ജവാനെ മര്‍ദ്ദിച്ച എസ്ഐക്ക് സസ്പെന്‍ഷന്‍

നേമം| WEBDUNIA|
PRO
PRO
ജവാനെ അകാരണമായി മര്‍ദ്ദിച്ച നേമം എസ്ഐക്ക് സസ്പെന്‍ഷന്‍. നരുവാമ്മൂട് നടുക്കാട് പുതുവല്‍വിള വീട്ടില്‍ മോഹന്റെ മകന്‍ വിപിന്‍ (23) എന്ന ബിഎസ്എഫ് ജവാനെ അകാരണമായി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതിന്‌ നേമം എസ്ഐ ഷെറിയെയാണു സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

ഓഗസ്റ്റ് പതിനാലാം തീയതി വൈകിട്ട് നരുവാമൂട് ജം‍ഗ്ഷനിലായിരുന്നു സംഭവം, അവധിക്ക് നാട്ടിലെത്തിയ വിപിന്‍ സ്കൂട്ടറില്‍ നിന്നുകൊണ്ട് സുഹൃത്തുമായി സംസാരിച്ചു നില്‍ക്കെയാണ്‌ ജീപ്പിലെത്തിയ എസ്ഐ വിപിനെ ബലമായി ജീപ്പിലിട്ട് മര്‍ദ്ദിച്ചത്. പിന്നീട് സ്റ്റേഷനിലെത്തിയും മര്‍ദ്ദനം തുടര്‍ന്നു.

മര്‍ദ്ദനത്തില്‍ അവശനായ വിപിനെ ആദ്യം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും എസ്ഐക്കെതിരെ നടപടി എടുക്കണമെന്ന് ഉന്നതാധികാരികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സ്ഥലം എംഎല്‍എ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ ശക്തന്‍ സംഭവത്തില്‍ ഇടപെടുകയും ഫോര്‍ട്ട് എസ്‌സി സുരേഷ് അന്വേഷണം നടത്തുകയും ചെയ്തു. ഇതാണു സസ്പെന്‍ഷനില്‍ കലാശിച്ചത്. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നിന്ന് നേമത്ത് ചര്‍ജ്ജെടുത്ത് മൂന്നാം ദിവസമാണ്‌ മര്‍ദ്ദനം സംബന്ധിച്ച പ്രശ്നമുണ്ടായത്. ഇതിനു മുമ്പും ഷെറിക്കെതിരെ ഇത്തരം പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നറിയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :