ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന പറഞ്ഞ് പഴകിയ പല്ലവിയുടെ പൊള്ളത്തരം വെളിവാക്കുന്ന ഒരു റിപ്പോര്‍ട്ട് കൂടി.
സംസ്ഥാനത്തെ ജയിലുകളില്‍ തടവില്‍ കഴിയുന്നവരില്‍ 40 ശതമാനവും നിരപരാധികളെന്ന് അധികൃതര്‍. വിവരാവകാശ നിയമപ്രകാരം ജയില്‍ ആസ്ഥാന കാര്യാലയം നല്കിയ മറുപടിയിലാണ് ഈ വെളിപ്പെടുത്തല്‍.
കേരളത്തിലെ തടവറകളില്‍ കഴിയുന്നവരില്‍ 40 ശതമാനവും നിരപരാധികളെന്ന് സംസ്ഥാന ജയില്‍ കാര്യാലയം വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടി. ജയിലുകളില്‍ കഴിയുന്ന 20 ശതമാനം പേര് നിരപരാധികളാണെന്ന് ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് മുമ്പ് പ്രസ്താവിച്ചിരുന്നു.
ജയില്‍ ഡിജിപി തന്റെ മിതത്വംകൊണ്ടാണ് 40 ശതമാനം 20 ശതമാനമാക്കിയതെന്നും രേഖയിലുണ്ട്.ജയില്‍ ഡിജിപിയുടെ പ്രസ്താവനയുടെ വെളിച്ചത്തില്‍ ജയിലിലെ നിരപരാധികളുടെ വിവരങ്ങള്‍ തേടി ഹ്യൂമന്റൈറ്റ്സ് ഡിഫന്‍സ് ഫോറം ജന. സെക്രട്ടറി അഡ്വ ഡിബി ബിനുവാണ് ജയില്‍ വകുപ്പിനെ സമീപിച്ചത്.
സംസ്ഥാന ജയില്കാര്യാലയത്തിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് 40 ശതമാനം നിരപരാധികളുടെ കണക്ക് അക്കമിട്ട് അവതരിപ്പിക്കുന്നത്. മാനസികരോഗികളായ 98 വിചാരണ തടവുകാരെക്കൂടി നിരപരാധികളുടെ പട്ടികയില്‍പ്പെടുത്തുന്നു. വിചാരണയ്ക്ക് പറ്റിയ മാനസികാവസ്ഥയിലാണെന്ന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാലെ ഇവരെ വിചാരണ ചെയ്യൂ.
ഇവരെ ജാമ്യത്തിലിറക്കാന്‍ വീട്ടുകാര്‍ തയ്യാറാകുന്നില്ലെന്നും രേഖ പറയുന്നു. കരുതല്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന 60ഓളം പേര് ജയിലിലാണെങ്കിലും കുറ്റവാളികളല്ല. ശിക്ഷിക്കപ്പെട്ടും വിചാരണത്തടവുകാരായും കഴിയുന്ന അമ്മമാരുടെ 8 കുട്ടികളും ജയിലിലുണ്ട്. അവരേയും ജയില്‍ അധികൃതര്‍ നിരപരാധികളാണെന്നു പറയും.
നിരപരാധികളെ പുറത്തുവിടാന്‍ ജയില്‍ ഡിജിപിക്ക് അധികാരമില്ളെന്നും കോടതിക്കാണ് ഇതിനുള്ള അധികാരമെന്നും മറുപടിയില്‍ പറയുന്നു. നിരപരാധികളെ കണ്ടെത്തി വിടുതല്‍ ചെയ്യാനുള്ള അധികാരം പ്രിസണ്‍ റൂളില്‍ ഇല്ലെന്നും പറയുന്നു.