സാമൂഹ്യപ്രവര്‍ത്തകനും സാംസ്കാരിക നായകനും സാഹിത്യകാരനും സിനിമാസംവിധായകനുമായ ചിന്ത രവി(65) എന്ന ടി രവീന്ദ്രന് അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി ഏഴേമുക്കാലോടെയായിരുന്നു അന്ത്യം.
ഏറെക്കാലമായി അര്‍ബുദരോഗ ബാധിതനായിരുന്നു. പ്രമേഹവും അലട്ടിയിരുന്നു. മൂന്നു ദിവസം മുമ്പാണ് ചിന്തരവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ത്യം സംഭവിക്കുമ്പോള്‍ അടുത്ത ബന്ധുക്കളെല്ലാം അടുത്തുണ്ടായിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും അന്ത്യ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.
ഇടതുപക്ഷ സഹയാത്രികനായിരുന്ന ചിന്ത രവി സഞ്ചാര സാഹിത്യകാരന് എന്ന നിലയിലാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഏഷ്യാനെറ്റിന് വേണ്ടി ചിന്ത രവി തയ്യാറാക്കിയ ‘എന്റെ കേരളം’ എന്ന പരിപാടി ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തതാണ്.
ഒരേ തൂവല്‍ പക്ഷികള്‍, മനുഷ്യന്, ഇനിയും മരിക്കാത്ത നമ്മള് എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകന് ജി അരവിന്ദനെ കുറിച്ചുള്ള ‘മധുരം സൌമനസ്യം’ എന്ന ഡോക്യുമെന്ററി ചിന്ത രവി സംവിധാനം ചെയ്തു.
എല്ലുറപ്പുള്ള ഭാഷയാല്‍ മലയാള സാഹിത്യലോകത്തിന് മികച്ച സംഭാവനകള്‍ ചിന്ത രവി നല്കി. മെഡിറ്ററേനിയന്‍ വേനല്‍, ശീതകാല സ്മരണകള്‍, അകലങ്ങളിലെ മനുഷ്യര്‍, സ്വിസ് സ്കെച്ചുകള്‍, വഴികള്‍ വ്യക്തികള്‍ തുടങ്ങിയവ ചിന്ത രവിയുടെ പ്രശസ്ത ഗ്രന്ഥങ്ങളാണ്. ഗൃഹദേശരാശികള്‍ എന്ന പുസ്തകം ഉടന്‍ പുറത്തിറങ്ങും.
സാമൂഹ്യവിമര്ശകനായിരുന്ന ചിന്ത രവി മികച്ച സിനിമാ നിരൂപകന് കൂടിയായിരുന്നു. സിനിമയും പ്രത്യയശാസ്ത്രവും എന്ന സിനിമാ ഗ്രന്ഥവും ചിന്ത രവിയുടേതായുണ്ട്.