പാവപ്പെട്ടവരുടെയും, സാധാരണക്കാരുടെയും അവകാശങ്ങള്‍ക്കായി പോരാടിയ കെ ആര്‍ ഗൌരിയമ്മ നല്ല ഭരണാധികാരി ആയിരുന്നുവെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ഗൌരിയമ്മയുടെ നവതിയാഘോഷം ആലപ്പുഴ മുന്‍സിപ്പല്‍ മൈതാനത്തില്‍ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൌരിയമ്മയ്ക്ക് ഇപ്പോഴും പഴയ ഊര്‍ജസ്വലത നഷ്‌ടപ്പെട്ടിട്ടില്ല. കൃഷിക്കാരെയും കര്‍ഷകത്തൊഴിലാളികളെയും കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിനു പിന്നില്‍ അണിനിരത്തുന്നതില്‍ ഗൌരിയമ്മ വഹിച്ച പങ്ക് വലുതായിരുന്നു.
അഞ്ച് തവണ ഇടതുപക്ഷ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സമയത്ത് ഗൌരിയമ്മ നേടിയെടുത്ത ജനപിന്തുണ കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്ന കാലത്ത് കൂടിയോ, കുറഞ്ഞോ എന്ന് ജനങ്ങള്‍ ചിന്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വഴി പിരിഞ്ഞതിനു ശേഷമാണ് ഗൌരിയമ്മയെ തനിക്ക് രാഷ്‌ട്രീയമായി എതിര്‍ക്കേണ്ടി വന്നതെന്നും വി എസ് പറഞ്ഞു.
ഇടതുപക്ഷം ക്ഷയിക്കുമ്പോള്‍ വര്‍ഗീയപ്രസ്ഥാനം തലപൊക്കും. വര്‍ഗീയപ്രസ്ഥാനങ്ങള്‍ തലപൊക്കാതിരിക്കാന്‍ ഇടതുപക്ഷം ക്ഷയിക്കാതിരിക്കേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയെ കൂടാതെ, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്‌ടി, മന്ത്രിമാരായ ജി സുധാകരന്‍, എന്‍ കെ പ്രേമചന്ദ്രന്‍, കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, കേരളാ കോണ്‍ഗ്രസ് നേതാക്കളായ കെ എം മാണി, ടി എം ജേക്കബ്, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എം പിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.