ഗോവിന്ദച്ചാമിക്ക് വേണ്ടി ചരടുവലിക്കുന്നതാര്?

തൃശൂര്‍| WEBDUNIA|
PRO
PRO
ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ സൗമ്യയെന്ന പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ അഭിഭാഷകരെക്കുറിച്ച്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. അഭിഭാഷകരെ നിയോഗിച്ച്, മറഞ്ഞിരുന്ന് ഗോവിന്ദച്ചാമിക്കായി ചരടുവലികള്‍ നടത്തുന്നത് ആര് എന്നാല്‍ പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

അതേസമയം കേരളത്തിലും തമിഴ്‌നാട്ടിലും ശക്‌തമായ വേരുകളുള്ള റയില്‍‌വെ മോഷണ ശൃംഖലയുടെ കണ്ണിയാണ് ഗോവിന്ദച്ചാമിയെന്നും ഇവരാണ് അഭിഭാഷകരെ നിയോഗിച്ചത് എന്നുമാണ് വാര്‍ത്തകള്‍ പരക്കുന്നത്. എന്നാല്‍ പൊലീസ് ഇത് പൂര്‍ണ്ണമായും മുഖവിലയ്ക്കെടുക്കുന്നില്ല.

ഗോവിന്ദച്ചാമി എന്ന ചാര്‍ളി തോമസിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് തൃശൂര്‍ എരുമപ്പെട്ടി സ്വദേശി അഡ്വക്കേറ്റ് ബി എ ആളൂര്‍ ആണ്. ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ഒട്ടേറെ ക്രിമിനല്‍ കേസ്‌ പ്രതികള്‍ക്കായി ഹാജരാകുന്നയാളാണ്‌ ബോംബെ ഹൈക്കോടതിയിലെ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വക്കേറ്റ് ആളൂര്‍.

ഫ്ലൈറ്റ് ചാര്‍ജ്ജടക്കം 2-5 ലക്ഷം രൂപവരെയാണ്‌ ആളൂരിന്റെ ഫീസ്‌. ഇദ്ദേഹത്തെ സഹായിക്കാന്‍ തൃശൂരിലെ അഭിഭാഷകരായ പി എ ശിവരാജന്‍, ഷനോജ്‌ ചന്ദ്രന്‍, എന്‍ജെ നെറ്റോ എന്നിവരുമുണ്ട്‌. ഹാജരായ മിക്ക ക്രിമിനല്‍ കേസുകളിലും ആളൂര്‍ പ്രതികളെ രക്ഷിക്കുകയുണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

കൊലപാതകത്തില്‍ ഗോവിന്ദച്ചാമിയുടെ പങ്ക് തെളിയിക്കുന്ന ശക്തമായ ശാസ്ത്രീയ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ വിചാരണ നീട്ടിക്കൊണ്ടുപോകാനും കോടതി മാറ്റുവാനും ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജൂണ്‍ ആറിന് വിചാരണ ആരംഭിക്കുവാനാണ് കോടതി സമന്‍സ്‌ അയച്ചിരിക്കുന്നത്. എന്നാല്‍ ഇത് പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം നടക്കുന്നത്. തൃശൂര്‍ ഫാസ്റ്റ്‌ ട്രാക്ക്‌ ഒന്നാം നമ്പര്‍ കോടതിയില്‍ നിന്ന് കേസ് മാറ്റാനും ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :