ഗോള്‍ഫ് ക്ലബ്: വിധി വ്യാഴാഴ്ച

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 15 ജൂണ്‍ 2010 (11:52 IST)
PRO
തിരുവനന്തപുരത്തെ ഗോള്‍ഫ് ക്ലബ് സംബന്ധിച്ച കേസില്‍ സുപ്രീംകോടതി വിധി പറയുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. ക്ലബ് ഏറ്റെടുത്താല്‍ എങ്ങനെ നടത്തുമെന്ന് വിശദീകരിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച രൂപരേഖയ്ക്ക്‌ ക്ലബ്‌ അധികൃതര്‍ മറുപടി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 17ന് മുമ്പ് അധികൃതര്‍ മറുപടി നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

വെള്ളിയാഴ്ച കേസ് പരിഗണിക്കവേ ക്ലബ്ബ് ഏറ്റെടുത്താല്‍ സര്‍ക്കാര്‍ എങ്ങനെ നടത്തുമെന്ന് തിങ്കളാഴ്ചയ്ക്കകം അറിയിക്കാന്‍ സുപ്രിം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് ക്ലബ്‌ നടത്തിപ്പിനുള്ള രൂപരേഖ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് അധികൃതരോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ ഡല്‍ഹി റസിഡന്‍റ് കമ്മിഷണര്‍ ഒപ്പുവച്ച രേഖയാണ്‌ കോടതിയിലെത്തിച്ചത്‌. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങള്‍ക്കും ഗോള്‍ഫ്‌ ക്ലബ്ബിന്‍റെ സേവനം തുറന്നുകൊടുക്കുമെന്നും സര്‍ക്കാര്‍ രൂപരേഖയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. സ്പോര്‍ട്സ്‌ കൗണ്‍സിലിനായിരിക്കും ക്ലബ് നടത്തിപ്പിനുള്ള ചുമതല. ക്ലബ്ബ് ഏറ്റെടുക്കുമ്പോള്‍ അംഗങ്ങളായ അറുന്നൂറോളം അംഗങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതിനു മറുപടിയായി നിലവിലുള്ള അംഗങ്ങളെ തുടര്‍ന്നും ക്ലബില്‍ ഗോള്‍ഫ്‌ കളിക്കാന്‍ അനുവദിക്കുമെന്നും എന്നാല്‍ ഇവരില്‍നിന്ന്‌ ക്ലബ്‌ ഭരണസമിതി വാങ്ങിയ അംഗത്വഫീസിന്‍റെ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ നല്‍കിയ രൂപരേഖയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.സര്‍ക്കാരിന്‍റെ രൂപരേഖ സംബന്ധിച്ച്‌ ക്ലബ്‌ അധികൃതരുടെ മറുപടി ലഭിച്ചശേഷം വ്യാഴാഴ്ച ഉത്തരവ്‌ പുറപ്പെടുവിക്കുമെന്ന്‌ സുപ്രീംകോടതി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :