ഗെയ്‌ലിന്റെ അഭിമുഖം വര്‍ഗീയ‌വത്കരിക്കരുതെന്ന് ജോണ്‍ ബ്രിട്ടാസ്

കൊച്ചി| WEBDUNIA|
PRO
PRO
അമൃതാനന്ദമയിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെലിന്റെ അഭിമുഖം കൈരളി ചാനല്‍ സംപ്രേഷണം ചെയ്തതിനെ വര്‍ഗീയവത്കരിക്കുന്നത് ദാരുണമാണെന്ന് ചാനല്‍ ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ്. ഫേസ്ബുക് സ്റ്റാറ്റസിലാണ് ബ്രിട്ടാസ് നിലപാട് വ്യക്തമാക്കിയത്.

താന്‍ ഗെയ്ല്‍ ട്രെഡ്വലിന്റെ അഭിമുഖം എടുത്തതും ചാനല്‍ അത് സംപ്രേഷണം ചെയ്തതും എല്ലാ വശത്തും നിന്നുള്ള അഭിപ്രായം ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന മാധ്യമപ്രവര്‍ത്തനത്തിലെ അടിസ്ഥാന പ്രമാണം അനുസരിച്ചാണെന്ന് ബ്രിട്ടാസ് വ്യക്തമാക്കുന്നു. ഗെയ്‌ലിന്റെ അഭിമുഖത്തിലൂടെ പുറത്ത് വന്ന കാര്യങ്ങളില്‍ ഒന്നും താനും ചാനലും പക്ഷം പിടിക്കുന്നില്ല. അവ കാഴ്ചക്കാര്‍ക്ക് വിടുകയാണ്. വിവിധ മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങള്‍ മുന്‍പ് കൈകാര്യം ചെയ്തതിനെക്കുറിച്ചും ബ്രിട്ടാസ് പരാമര്‍ശിക്കുന്നുണ്ട്.

അഭയക്കേസില്‍ വൈദികരുടെയും കന്യാസ്ത്രീയുടെയും പോളിഗ്രാഫ് ടെസ്റ്റിന്റെ സിഡി സം‌പ്രേഷണം ചെയ്തിരുന്നു. വൈദികരുടെ പീഡനങ്ങളെക്കുറിച്ച് സിസ്റ്റര്‍ ജെസ്മിയുടെ വെളിപ്പെടുത്തലുകള്‍, കാന്തപുരത്തിന്റെ തിരുകേശ വിവാദം ഇവയെല്ലാം സം‌പ്രേഷണം ചെയ്തവയാണ്. ഗെ‌യ്‌ലിന്റെ അഭിമുഖത്തിന് മുന്‍പോ ശേഷമോ അമൃതാനന്ദമയിയുടേയോ അമൃത സ്വരൂപാനന്ദയുടേയോ അഭിമുഖം നല്‍കാന്‍ തയ്യാറായിരുന്നു. കേസ് നല്‍കുകയോ, ബ്ലാക്‍മെയ്‌ല്‍ തന്ത്രങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യാതെ അവര്‍ക്ക് മുന്നോട്ട് വന്ന് ഗെയ്‌ലിനെ വെല്ലുവിളിക്കാവുന്നതാണ്. തന്റെ രാഷ്ട്രീയത്തിന് അതീതമായി 25 വര്‍ഷം മാധ്യമപ്രവര്‍ത്തനത്തില്‍ ഉറച്ച് നിന്ന് ചില മൂല്യങ്ങളില്‍ വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും പറഞ്ഞാണ് ബ്രിട്ടാസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :