ഗവര്‍ണറുടെ നടപടി കാര്യമാക്കേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം| JOYS JOY| Last Modified ഞായര്‍, 15 മാര്‍ച്ച് 2015 (11:14 IST)
ബജറ്റ് ദിവസം നിയമസഭയില്‍ ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ഗവര്‍ണറുടെ റിപ്പോര്‍ട്ട് കാര്യാമാക്കേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നടന്ന ഒരു സംഭവത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് അയക്കുന്നത് സ്വഭാവിക നടപടി മാത്രമാണ്. അതില്‍ വലിയ പ്രാധാന്യമില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. നിയമസഭയിലെ സംഘര്‍ഷത്തിനിടയില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 12 വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അക്രമസംഭവങ്ങളില്‍ സി.പി.എം നേതാക്കള്‍ മാപ്പു പറയണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ ആക്രമണത്തില്‍ നിയമസഭയ്ക്കുള്ളില്‍ അഞ്ചുലക്ഷം രൂപയുടെ നാശനഷ്‌ടങ്ങള്‍ ഉണ്ടായി. അതുകൊണ്ടാണ് സഭാ സെക്രട്ടറിയുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍നടപടിയെന്ന നിലയില്‍ അന്വേഷണം നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.

ഇതിനിടെ, ഗവര്‍ണറുടെ നടപടി വലിയ തെറ്റാണെന്ന് മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പ്രതികരിച്ചു. പ്രതിപക്ഷ ബഹളം 356ആം വകുപ്പു പ്രകാരം റിപ്പോര്‍ട്ട് നല്‍കുന്നതിനുള്ള കാരണമല്ലെന്നും സംസ്ഥാനത്ത് ഭരണപ്രതിസന്ധിയില്ലെന്നും വക്കം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :