ഗണേഷിന്‍റെ കത്ത് പരിശോധിക്കും: ഉമ്മന്‍‌ചാണ്ടി

ഗണേഷ്, ഉമ്മന്‍‌ചാണ്ടി, കത്ത്, വി എസ്, ജോര്‍ജ്, മാണി
തിരുവനന്തപുരം| Last Updated: ബുധന്‍, 10 ഡിസം‌ബര്‍ 2014 (21:00 IST)
പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിലെ അഴിമതിയെക്കുറിച്ച് കെ ബി ഗണേഷ്കുമാര്‍ തനിക്ക് നല്‍കിയ കത്ത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. അങ്ങനെയൊരു കത്തിനെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് ഇങ്ങനെയൊരു കത്ത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നാണ്. അത് അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ടുള്ള കത്തായിരുന്നില്ലെന്നും വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കത്തായിരുന്നു എന്നുമാണ് ഉമ്മന്‍‌ചാണ്ടി അറിയിച്ചിരിക്കുന്നത്.

മണ്ഡലങ്ങളിലെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് കത്ത് നല്‍കാന്‍ എം എല്‍ എമാരോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ യുഡിഎഫ് എം എല്‍ എമാരും കത്തുനല്‍കിയിരുന്നു. ഗണേഷ് നല്‍കിയത് അതില്‍ നിന്ന് വേറിട്ട ഒരു കത്തായിരുന്നില്ല. അതുകൊണ്ടാണ് അതിലെ ആരോപണങ്ങള്‍ ശ്രദ്ധയില്‍ പെടാതെ പോയത് - മുഖ്യമന്ത്രി പറഞ്ഞു.

പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിലെ മൂന്ന് സ്‌റ്റാഫുകള്‍ക്ക് നേരെ ആരോപണം ഉന്നയിച്ച് കെ ബി ഗണേഷ്കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പുറത്താ‍യതോടെയാണ് വിശദീകരണവുമായി ഉമ്മന്‍‌ചാണ്ടി രംഗത്തെത്തിയത്. ഇങ്ങനെ ഒരു കത്തിനെക്കുറിച്ച് തനിക്കറിയില്ലെന്നാണ് ആദ്യം മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിനെതിരെ ആരോപണം ഉന്നയിച്ച് ഈ വര്‍ഷം മെയ് 17നാണ് ഗണേഷ്കുമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. എംഎല്‍എമാരുടെ കത്തുകളും ഫയലുകളും ഒളിച്ചുവയ്ക്കുന്ന ചിലര്‍ അവിടെയുണ്ടെന്നും അവരില്‍ ചിലര്‍ ധനമന്ത്രിയുടെ ഓഫിസിലെ ചിലരുമായി ഒത്തുകളിക്കുന്നുവെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിന്റെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും കത്തില്‍ ഗണേഷ് വ്യക്തമാക്കുന്നു. ഗതാഗത, ഭക്ഷ്യപൊതുവിതരണ വകുപ്പുകളുടെ പിടിപ്പ് കേടുകളും തുറന്നു പറയുന്നതായിരുന്നു ഗണേഷ് നല്‍കിയ കത്ത്.

കത്ത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് നിയമസഭയില്‍ പറഞ്ഞതോടെയാണ് കത്തിന്റെ പകര്‍പ്പ് ഗണേഷ്കുമാര്‍ പുറത്ത് വിട്ടത്. താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുമെന്നും ഗണേഷ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :