കോഴിക്കോട്ട് വോട്ടെണ്ണല്‍ തുടങ്ങി

കോഴിക്കോട്| WEBDUNIA| Last Modified ഞായര്‍, 31 ഒക്‌ടോബര്‍ 2010 (08:05 IST)
ജില്ലയിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. 15 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പതിനൊന്ന് മണിയോടെ ആദ്യ ഫലം അറിഞ്ഞു തുടങ്ങുമെന്നാണ് കരുതുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്നുതവണ പരിശോധന നടത്തിയായിരിക്കും ബന്ധപ്പെട്ടവരെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കടത്തിവിടുന്നത്. വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ 100 മീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ കൂടി നില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ട്.

ജില്ലയില്‍ മൊത്തം 3222 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതിലെ വോട്ടെണ്ണലിനായി 1024 കൗണ്ടിംഗ് ടേബിളുകള്‍ ഒരുക്കിയിട്ടുണ്ട്. കോര്‍പ്പറേഷനിലെ ഫലമായിരിക്കും ആദ്യം അറിഞ്ഞുതുടങ്ങുക. പിന്നീട് മുനിസിപ്പാലിറ്റി , പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഫലങ്ങള്‍ അറിഞ്ഞു തുടങ്ങും.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് വേളം ഡിവിഷന്‍ പരിധിയിലെ വോട്ടെടുപ്പ് താമസിച്ചതുകൊണ്ടാണ് കോഴിക്കോട്ട് വോട്ടെണ്ണല്‍ വൈകിയത്. ശനിയാഴ്ച വേളത്തു നടന്ന തിരഞ്ഞെടുപ്പില്‍ 81.66 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി. വേളം ഗ്രാമപ്പഞ്ചായത്ത് 82.67, കായക്കൊടി 76.27, കാവിലുംപാറ 80.47, മരുതോങ്കര 85.81, ആയഞ്ചേരി 81.5, കുറ്റിയാടി പഞ്ചായത്ത് 80.63 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :