കോഴിക്കോട് കൊടുവള്ളിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഒരു മരണം

കോഴിക്കോട് | WEBDUNIA|
PRO
PRO
കോഴിക്കോട് കൊടുവള്ളിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. കൊടുവള്ളി വെണ്ണക്കാട് മലയില്‍ മൊയ്തുവിന്റെ മകന്‍ ഫിറോസ് (14) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാവിലെ ആറ് മണിയോടെ കൊടുവള്ളി മദ്രസാ അങ്ങാടിയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.

മംഗലാപുരത്ത് നിന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം ഗ്യാസുമായി കോഴിക്കോട്ടേക്ക് വരികയായിരുന്ന ടാങ്കര്‍ നിയന്ത്രണം വിട്ട് പത്രവിതരണത്തിനായി സൈക്കിളില്‍ പോകുകയായിരുന്ന ഫിറോസിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നീട് തൊട്ടടുത്തുള്ള കടയിലേക്ക് പാഞ്ഞുകയറിയ ശേഷമാണ് ടാങ്കര്‍ മറിഞ്ഞത്. ലോറിയില്‍ നിന്ന് ഗ്യാസ് ചോരുകയാണ്. ഗ്യാസ് ചോരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊടുവള്ളി പൊലീസും കോഴിക്കോട് നിന്നും താമരശേരിയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഗ്യാസ് ചോര്‍ച്ച നിര്‍ത്താനാവാത്തതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ ടാങ്കര്‍ അപകടമാണ് ഇവിടെ നടക്കുന്നത്. അപകടസാധ്യത കണക്കിലെടുത്ത് ആള്‍ക്കാരെ സ്ഥലത്തുനിന്നും ഒഴിപ്പിക്കാന്‍ ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :