കോന്നിയില്‍ നാട്ടുകാര്‍ കീഴടക്കിയ പുലി ചത്തു

പത്തനംതിട്ട| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഐരവണില്‍ നാട്ടുകാര്‍ കീഴടക്കിയ പുലി ചത്തു. കോന്നി ഡി എഫ്‌ ഒ ഓഫീസില്‍ വച്ചാണ് പുലി ചത്തത്. നാട്ടുകാര്‍ കീഴ്പ്പെടുത്തുന്നതിനിടെ പുലിക്ക്‌ പരുക്കേറ്റിരുന്നു. ഇതാണ്‌ മരണത്തിന്‌ കാരണമായതെന്ന്‌ കരുതുന്നതായി വനംവകുപ്പ്‌ അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ ഒമ്പത്‌ മണിയോടെ കൃഷണവിലാസത്തില്‍ അജിയുടെ പറമ്പിലായിരുന്നു പുലിയെ ആദ്യം കണ്ടത്.

പുലിയെ പിടികൂടാന്‍ നാട്ടുകാരും പൊലീസും വനംവകുപ്പ്‌ ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു. പുലിയുടെ കാല്‍പ്പാടുകള്‍ നോക്കി തെരച്ചില്‍ നടത്തുന്നതിനിടെ പുലി നാട്ടുകാരുടെ നേര്‍ക്ക്‌ ചാടുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ പൊലീസും വനപാലകരും നാട്ടുകാരും ചേര്‍ന്നു പുലിയെ പിടികൂടുകയായിരുന്നു.

പുലിയുടെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകനടക്കം നാലുപേര്‍ക്ക്‌ പരുക്കേറ്റു. നാട്ടുകാര്‍ പിടികൂടുന്നതിനിടെ പുലിക്കും പരുക്കേറ്റു. തുടര്‍ന്ന്‌ മയക്കാനുള്ള ഇന്‍ജക്ഷന്‍ നല്‍കിയശേഷം പുലിയെ കോന്നിയിലെ ആനക്കൊട്ടിലിലേക്ക്‌ വനപാലകര്‍ കൊണ്ടുപോകുകയായിരുന്നു. അതേ സമയം സംഭവത്തില്‍ നാട്ടുകാര്‍ക്കെതിരെ കേസെടുക്കില്ലെന്ന് വനം വകുപ്പ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :