കോണ്‍ഗ്രസ് മന്ത്രിമാര്‍ വെള്ളിയാഴ്ച

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കോണ്‍ഗ്രസ് മന്ത്രിമാര്‍ ആരൊക്കെയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനായി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഡല്‍ഹിയിലെത്തി. കോണ്‍ഗ്രസിന്റെ ഒമ്പത് മന്ത്രിമാരെയും പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സാധ്യതാ പട്ടികയില്‍ 14 പേരുകളാണ് ഉള്ളത്. ഇത് സംബന്ധിച്ച് എ ഐ സി സി അധ്യക്ഷ സോണിയാ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരുമായും അദ്ദേഹം ചര്‍ച്ച നടത്തും.

മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച്‌ പ്രതിരോധമന്ത്രി എ കെ ആന്റണി, കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി എന്നിവരുമായും ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തും.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതകര്‍ക്ക്‌ 375 കോടി രൂപയുടെ പാക്കേജിന്‌ കേന്ദ്ര ധനസഹായം അനുവദിക്കണമെന്ന കാര്യം പ്രധാ‍നമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടുമെന്ന്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒരു രൂപയ്ക്ക്‌ അരി പദ്ധതി ഉള്‍പ്പെടെയുള്ള എല്ലാ വാഗ്ദാനങ്ങളും ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കാനാവില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഉമ്മന്‍‌ചാണ്ടി പറഞ്ഞു. അതേസമയം മന്ത്രിമാരെ നിശ്ചയിക്കാ‍നായി ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ രമേശ് ചെന്നിത്തല പങ്കെടുക്കുന്നില്ല. മന്ത്രിമാരെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ് എന്നാണ് അദ്ദേഹം വാദിക്കുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുമായുള്ള അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ചെന്നിത്തല ഡല്‍ഹിക്ക് പോകാത്തത് എന്നാണ് റിപ്പോര്‍ട്ട്. പൊതുവെ സുപ്രധാന തീരുമാനങ്ങള്‍ക്കായുള്ള ഡല്‍ഹി യാത്രകളില്‍ ഉമ്മന്‍‌ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചാണ് പോകാറുള്ളത്.

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ സി ജോസഫ്‌, വി ഡി സതീശന്‍, സി എന്‍ ബാലകൃഷ്‌ണന്‍, ടി എന്‍ പ്രതാപന്‍, കെ ബാബു, എന്‍ ശക്‌തന്‍, ആര്യാടന്‍ മുഹമ്മദ്‌, എ പി അനില്‍കുമാര്‍, കെ അച്യുതന്‍, അടൂര്‍ പ്രകാശ്‌, വി എസ്‌ ശിവകുമാര്‍ എന്നിവര്‍ മന്ത്രിമാരുടെ സാധ്യതാപട്ടികയിലുണ്ടെന്നാണു റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡ്‌ നിര്‍ദേശിച്ചാല്‍ ജി കാര്‍ത്തികേയന്‍, കെ മുരളീധരന്‍ എന്നിവര്‍ക്ക് സാധ്യത തെളിയും. യു ഡി എഫിലെ ഏക വനിതാ എം എല്‍ എ ആയ പി കെ ജയലക്ഷ്മിയെ മന്ത്രിയാക്കണമെന്ന് സോണിയാ ഗാന്ധി നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

മന്ത്രിമാര്‍ക്ക് പുറമെ സ്പീക്കര്‍ ആരായിരിക്കണം എന്ന കാര്യവും തീരുമാനിക്കേണ്ടതുണ്ട്. സ്പീക്കര്‍ സ്ഥാനത്തേക്ക് വിഡി സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഇപ്പോള്‍ പരിഗണനയില്‍ ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :