കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി സംയുക്ത വാര്‍ത്താസമ്മേളനം

തിരുവനന്തപുരം| Last Modified വ്യാഴം, 31 ഡിസം‌ബര്‍ 2015 (16:47 IST)
കോണ്‍ഗ്രസും യു ഡി എഫും ഒറ്റക്കെട്ടായി മുമ്പോട്ടുപോകുമെന്ന് പ്രഖ്യാപിച്ച് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് മുന്നോട്ടുപോകുമെന്ന് രമേശ് പറഞ്ഞു. പാര്‍ട്ടിയുടെയും യു ഡി എഫിന്‍റെയും ഐക്യത്തിന് പോറലേക്കുന്ന പ്രവര്‍ത്തനം ആരുടെയും ഭാഗത്തുനിന്നുണ്ടാകരുതെന്ന് സുധീരന്‍ നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസും യു ഡി എഫും ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ഉമ്മന്‍‌ചാണ്ടി പറഞ്ഞു.
 
ജനുവരി നാലിന് കാസര്‍കോട് കുമ്പളയില്‍ നിന്ന് ആരംഭിക്കുന്ന, സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഫെബ്രുവരി ഒമ്പതിന് തിരുവനന്തപുരത്ത് സമാപിക്കും. ഈ യാത്ര വിജയിപ്പിക്കുന്നതിനായി എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് മൂന്ന് നേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
 
വി എം സുധീരന്‍
 
സോണിയാ ഗാന്ധിയുടെ കേരള സന്ദര്‍ശനം പാര്‍ട്ടിയിലും മുന്നണിയിലും വലിയ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. ശ്രീനാരായണ ധര്‍മ്മങ്ങളില്‍ നിന്ന് ഒരു കാരണവശാലും വ്യതിചലിക്കരുത് എന്ന സന്ദേശമാണ് സോണിയ നല്‍കിയത്. ഗുരു ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളുടെ വര്‍ധിച്ച പ്രാധാന്യമാണ് സോണിയ ശിവഗിരിയില്‍ പറഞ്ഞത്.
 
കേരളത്തിന്‍റെ വികസനകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ സമൂഹ നന്‍മകള്‍ മുന്‍ നിര്‍ത്തി തിന്മകള്‍ക്കെതിരായ പ്രവര്‍ത്തനമാണ് യു ഡി എഫ് നടത്തുന്നത്. കേരളത്തെ ലഹരി വിമുക്തമാക്കുക എന്ന ലക്‍ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തില്‍ സുപ്രീം കോടതിയുടെ അംഗീകാരം കിട്ടി എന്നത് അഭിമാനകരമായ കാര്യമാണ്. ഈ നയം നടപ്പിലാക്കുന്നതിനാധാരമായി എന്തൊക്കെ കാര്യങ്ങളാണോ യു ഡി എഫ് ഉയര്‍ത്തിപ്പിടിച്ചത് അതെല്ലാം സുപ്രീംകോടതി അംഗീകരിച്ചു. സമ്പൂര്‍ണമായ മദ്യനിരോധനത്തിലേക്ക് പടിപടിയായി എത്തിക്കുക എന്ന ലക്‍ഷ്യത്തിനായുള്ള യു ഡി എഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ കരുത്തുപകരുന്നതാണ് കോടതിവിധി. യു ഡി എഫ് അതിന്‍റെ ലക്‍ഷ്യം നിറവേറ്റുന്നതില്‍ പ്രതിജ്ഞാബദ്ധമായി മുന്നോട്ടുപോകും.
 
യു ഡി എഫിലെ എല്ലാ കക്ഷികളുടെയും ശ്രമം മുന്നണിയെ ഒറ്റക്കെട്ടായി മുന്നോട്ടുകോണ്ടൂപോകുക എന്നതാണ്. കോണ്‍ഗ്രസും ഘടകകക്ഷികളുമായി നല്ല ബന്ധമാണുള്ളത്. ഒരു കാര്യവും അതിന് തടസമായി മാറരുത്. ആ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഓരോ കക്ഷികളുമായും ഉമ്മന്‍‌ചണ്ടിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്. എല്ലാ ചര്‍ച്ചകളും ഫലപ്രദമാ‍യിരുന്നു. അതിനുപുറമേയാണ് ഘടകകക്ഷികള്‍ സോണിയയുമായി ചര്‍ച്ച നടത്തിയത്. ആ ചര്‍ച്ചകളെല്ലാം ക്രിയാത്മകമായിരുന്നു. 
 
ദേശീയതലത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്‍റെ പാതയിലാണ്. കേരളം ഉള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇത് പാര്‍ട്ടി ഗൌരവത്തോടെയാണ് കാണുന്നത്. 
 
തെരഞ്ഞെടുപ്പ് വിജയമെന്ന വലിയ ലക്‍ഷ്യം നേടിയെടുക്കുന്നതില്‍ പ്രധാനഘടകം ഐക്യം കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകുക എന്നതാണ്. ഇതിന് പോറലേല്‍ക്കുന്ന ഒരു തരത്തിലുള്ള പ്രവര്‍ത്തനവും ഒരു തലത്തിലും ഉണ്ടാകരുത്. പ്രവര്‍ത്തനത്തില്‍ ഐക്യവും അച്ചടക്കവും പാലിക്കും. കൂടുതല്‍ ജാഗ്രത പുലര്‍ത്തും. പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിവാദപരമായ രീതിയിലുള്ള പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ തീര്‍ത്തും ഒഴിവാക്കപ്പെടണം. യാതൊരു വിഭാഗീയ പ്രവര്‍ത്തനങ്ങളുമില്ലാതെ ഒരേ മനസോടെ നേതാക്കളും പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങേണ്ട സമയമായിരിക്കുന്നു. പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തും ഏതെങ്കിലും പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നാല്‍ അതാത് തലങ്ങളില്‍ തന്നെ ചര്‍ച്ച ചെയ്ത് അതിന് പരിഹാരം കാണണം.
 
തെരഞ്ഞെടുപ്പിന് മുന്‍പ് കെ പി സി സി നടത്തുന്ന ഏറ്റവും പ്രധാന രാഷ്ട്രീയ സംരംഭമാണ് ജനരക്ഷായാത്ര. ജനുവരി നാലിന് കാസര്‍കോട് കുമ്പളയില്‍ നിന്നാരംഭിക്കുന്ന യാത്ര ഫെബ്രുവരി ഒമ്പതിന് തിരുവനന്തപുരത്ത് സമാപിക്കും. ജനരക്ഷായാത്രയുടെ വിജയത്തില്‍ എല്ലാവരും സഹകരിക്കണം, പങ്കാളികളാകണം എന്നതാണ് അഭ്യര്‍ത്ഥന.
 
ഉമ്മന്‍‌ചാണ്ടി
 
കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞത് കൂട്ടായെടുത്ത തീരുമാനങ്ങളാണ്. അത് പാര്‍ട്ടിയുടെ ഒന്നായ തീരുമാനമാണ്. കോണ്‍ഗ്രസും യുഡി എഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ വിജയിച്ചത്. അതില്‍ ചെറിയ വ്യത്യാസങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടായി. പക്ഷേ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കും. യു ഡി എഫ് ഒന്നിച്ചുനില്‍ക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉണ്ടാക്കാന്‍ ശ്രദ്ധിക്കും. സുധീരന്‍ നയിക്കുന്ന യാത്ര വിജയിപ്പിക്കുക എന്നതിലാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ. അതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും.
 
രമേശ് ചെന്നിത്തല
 
കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ കൂട്ടായ തീരുമാനമാണ്. ജനവിശ്വാസം കാത്തുസൂക്ഷിച്ച് ജനങ്ങളുടെ വിശ്വാസത്തിനൊത്ത് ഉയര്‍ന്ന് മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. ഒരു ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അത്തരം, അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ചുകൊണ്ട് തെരഞ്ഞെടുപ്പ് സമയത്ത് ഒറ്റക്കെട്ടായി മുന്നോട്ടുപോകുക എന്നതാണ് കര്‍ത്തവ്യം. അതിനുവേണ്ടി എല്ലാവരും ഒന്നിച്ചിറങ്ങണം. ഭരണത്തില്‍ യു ഡി എഫിന് ഒരു രണ്ടാമൂഴമുണ്ടാക്കുക ചരിത്രപരമായ ദൌത്യമാണ്. വര്‍ഗീയതയെയും അസഹിഷ്ണുതയെയും മറ്റും നേരിടാന്‍ കേരളത്തില്‍ നിന്ന് ഒരു വലിയ വിജയം അനിവാര്യമാന്. അതിനെല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഒന്നിച്ചുപോകണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :