കോടതി മുറ്റത്ത് വച്ച് കഞ്ചാവ് കൈമാറാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. കുറ്റിച്ചിറ തൃക്കോവില്‍ ഇടവഴിയില്‍ താക്കീര്‍ മന്‍സിലില്‍ മജീദിന്റെ മകന് റജാദിനെ(28)ലാണ് ടൗണ്‍ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്ന പ്രതിക്ക് ഇയാള്‍ കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്.
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലില്‍ നല്ലളം പൊലീസ് ഹാജരാക്കിയ പ്രതിയായ അനസ് എന്ന ഹുണ്ടായ് അനസിനാണ് ഇയാള്‍ കോടതി വരാന്തയില്‍വെച്ച് കഞ്ചാവ് കൈമാറാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍ റജാദിനെ പിടികൂടി.
ചൊവ്വാഴ്ച പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഇയാളില്‍നിന്ന് 25 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ടൗണ്‍ പൊലീസ് കേസെടുത്ത റജാദിനെ കോടതി റിമാന്‍ഡ് ചെയ്തു.