കോങ്കണ്ണിന് ചികിത്സ തേടിയ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ ആശുപത്രി ജീവനക്കാര്‍ വീട്ടിലെത്തിച്ചു
കുമളി|
WEBDUNIA|
PRO
തമിഴ്നാട്ടിലെ കണ്ണാശുപത്രിയില്‍ കോങ്കണ്ണിന് ശസ്ത്രക്രിയ നടത്താനായിപ്പോയ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ തിരികെ വീട്ടിലെത്തിച്ച് ആശുപത്രി ജീവനക്കാര്‍ കടന്നുവെന്ന് റിപ്പോര്‍ട്ട്.
ആശുപത്രിയില്‍ കെട്ടിവച്ച 25,000 രൂപ കൂടാതെ വിദ്യാര്‍ഥിനിയുടെ മാതാവിന് 60,000 രൂപ കൂടി നല്‍കിയാണ് ആശുപത്രി ജീവനക്കാര്‍ കടന്നുകളഞ്ഞത്.കുമളി പളിയക്കുടിയില്‍ പ്രഭാകരന്- മുത്തുമാരി ദമ്പതികളുടെ മകളും ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ അനിതാകുമാരി(15)യാണു മരിച്ചത്.
മാതാവ് മുത്തുമാരിയുടെ ഒപ്പമാണ് അനിതാകുമാരി തേനിയിലെ കണ്ണാശുപത്രിയില്‍ പതിനെട്ടാം തിയതി അഡ്മിറ്റായത്.ആദ്യം അനസ്തേഷ്യ നല്‍കിയെങ്കിലും മയക്കം വരാതിരുന്നതിനാല്‍ രണ്ടു തവണ കൂടി അനസ്തേഷ്യ നല്‍കിയതായി മുത്തുമാരി പറയുന്നു.
മൂന്നുദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ കുട്ടി മരിച്ചെന്നു വ്യക്തമായതോടെ മൃതദേഹം ആംബുലന്‍സില്‍ കയറ്റി പളിയക്കുടിയിലെ വാടകവീട്ടില്‍ എത്തിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ കെട്ടിവച്ച 25,000 രൂപയും തിരികെ നല്‍കിയിട്ടുണ്ട്. ഇതിനുപുറമേയാണ് 60,000 രൂപ കൂടി കുട്ടിയുടെ മാതാവിനെ ഏല്പിച്ചത്.
അനസ്തേഷ്യ നല്‍കിയതിലെ പിഴവാണു മരണകാരണമെന്നാണു സൂചന. കുമളി പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.