കൊച്ചി മെട്രോ: ഫ്രഞ്ച് ഏജന്‍സി ഈ മാസമെത്തും

കൊച്ചി : | WEBDUNIA|
PRO
PRO
കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കുള്ള സാമ്പത്തിക സഹായം നല്‍കുന്നതു സംബന്ധിച്ച അവലോകനത്തിനായി ഫ്രഞ്ച് സാമ്പത്തിക ഏജന്‍സിയായ എഎഫ്ഡി അധികൃതര്‍ ഈ മാസം വീണ്ടും കൊച്ചിയിലെത്തും. എഎഫ്ഡിയുടെ നഗര ഗതാഗത വിദഗ്ധന്‍ സേവിയര്‍ ഹോങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ മാസം 25നു കൊച്ചിയിലെത്തുന്നത്. മാര്‍ച്ച് 18, 19 തിയതികളില്‍ സംഘം കൊച്ചി സന്ദര്‍ശിച്ചിരുന്നു.

പദ്ധതിക്ക് എഎഫ്ഡി വായ്പ ഉടന്‍ ലഭിച്ചേക്കുമെന്നാണു പ്രതീക്ഷ. ആദ്യ സന്ദര്‍ശനത്തില്‍ സംഘം പദ്ധതി പ്രദേശമായ ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍, നഗരത്തിലെ ഗതാഗത സംവിധാനം തുടങ്ങിയവയും സംഘം വിശദമായി പരിശോധിച്ചു. തുടര്‍ന്നു മുഖ്യമന്ത്രി, മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.

രണ്ടു ശതമാനം പലിശ നിരക്കില്‍ 1000 കോടി രൂപ വരെ വായ്പ നല്‍കാന്‍ തയാറാണെന്നു കൂടിക്കാഴ്ചയില്‍ സംഘം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. നടപടികളെല്ലാം കൃത്യ സമയത്തു പൂര്‍ത്തിയായാല്‍ ഏപ്രില്‍ അവസാനത്തോടെ വായ്പ ലഭ്യമാകുമെന്നു കൊച്ചി മെട്രോ റെയില്‍ ലിമിറ്റ‍ഡ്(കെഎംആര്‍എല്‍) മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് അറിയിച്ചിരുന്നു.

കൊച്ചി മെട്രോ റെയിലിന്‍റെ ഹാക്ക് ചെയ്ത വെബ്സൈറ്റ് പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. ഈ മാസം മൂന്നിനാണു മെട്രോയുടെ www.kochimetro.org എന്ന വെബ്സൈറ്റ് ഹാക്ക് ചെയ്തത്. സിഡിറ്റിന്‍റെ സഹായത്തോടെയാണു സൈറ്റ് പുനഃസ്ഥാപിച്ചത്. സൈറ്റില്‍നിന്നു കൊച്ചി മെട്രോ റെയിലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കുമെന്നു കെഎംആര്‍എല്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :