കൈ വെട്ട്: പ്രതികളെ ചികിത്സിച്ച ഡോക്ടറും അറസ്റ്റില്‍

കൊച്ചി| WEBDUNIA|
PRO
ചോദ്യപേപ്പര്‍ വിവാദത്തില്‍ ഉള്‍പ്പെട്ട അധ്യാപകന്‍റെ കൈ വെട്ടിയ കേസിലെ പ്രതികളെ ചികിത്സിച്ച ഡോക്ടറും അറസ്റ്റില്‍. സ്വദേശിയായ ദന്ത ഡോക്ടര്‍ റെനീഫിനെയാണ് അറസ്റ്റ് ചെയ്തത്. അധ്യാപകനെതിരായ ആക്രമണത്തില്‍ പ്രതികളില്‍ ചിലര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരുടെ മുറിവുകള്‍ തുന്നിക്കെട്ടിയത് റെനീഫ് ആണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

അധ്യാപകനെ ആക്രമിച്ച് ഗുരുതരമായി മുറിവേല്പിച്ചതിനു ശേഷം മറ്റൊരു വാഹനത്തില്‍ രക്ഷപെട്ട പ്രതികള്‍ ആലുവയില്‍ ഡോക്ടറുടെ വീട്ടിലെത്തി ചികില്‍സ തേടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കസ്റ്റഡിയിലുളള ചിലരെ ചോദ്യം ചെയ്‌തപ്പോഴാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്‌. പോപ്പുലര്‍ ഫ്രണ്ടിന്‍റെ സജീവപ്രവര്‍ത്തകനാണ് റെനീഫ് എന്നും പൊലീസ്‌ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്‌.

കുറ്റക്കാരെന്നറിഞ്ഞിട്ടും പ്രതികളെ ചികില്‍സിക്കുകയും ഇക്കാര്യം മറച്ചുവെച്ച്‌ ഇവരെ രക്ഷപ്പെടാന്‍ അനവുദിച്ചതിനുമാകും ഇയാള്‍ക്കെതിരെ കേസെടുക്കുക. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ സലാം എന്നയാളെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പോപ്പുലര്‍ഫ്രണ്ട്‌ ഡിവിഷണല്‍ സെക്രട്ടറി ആണ് ആലുവ സ്വദേശിയായ അബ്ദുള്‍ സലാം. ചൊവ്വാഴ്ച ഉച്ചയ്ക്കു മുമ്പു തന്നെ അബ്ദുള്‍ സലാമിനെ അറസ്റ്റ്‌ ചെയ്തിരുന്നു. രാത്രിയോടെയാണ്‌ ഡോ റനീഫിന്‍റെ അറസ്റ്റ് നടന്നത്‌. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

ഇന്നലെത്തന്നെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍ സലാമിനെ 23വരെ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു. ഇതിനിടെ പോപ്പുലര്‍ ഫ്രണ്ട്‌ ആഗസ്റ്റ്‌ 15ന്‌ നടത്തുന്ന ഫ്രീഡം പരേഡിനുള്ള പരിശീലനം നിര്‍ത്തിവയ്ക്കാന്‍ എറണാകുളം റൂറല്‍ പോലീസ്‌ നോട്ടീസ്‌ നല്‍കി.

അതേസമയം, സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിവിധ ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ മാരകായുധങ്ങളും ബോംബുകളും പിടിച്ചെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :