കേരളാകോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം; നിലപാട് ശക്തമാക്കി ജോസഫ് വിഭാഗം

കൊച്ചി| WEBDUNIA|
PRO
കേരള കോണ്‍ഗ്രസില്‍ വീണ്ടും രൂക്ഷമായ പ്രതിസന്ധി‍. പി സി ജോര്‍ജ് വിഷയത്തില്‍ ഇടഞ്ഞ ജോസഫ് വിഭാഗം നിലപാട് കര്‍ശനമാക്കിയതോടെയാണ് പാര്‍ട്ടിയില്‍ വീണ്ടും രൂക്ഷ പ്രതിസന്ധിയായത്.

കൊച്ചിയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലും പ്രശ്‌നപരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് നിലപാട് കൂടുതല്‍ കര്‍ശനമാക്കി ജോസഫ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

പി സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് ജോസഫ് വിഭാഗത്തിലെ ഫ്രാന്‍സിസ് ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.

പാര്‍ട്ടിയില്‍ പലകാര്യങ്ങളിലും മാന്യമായ പരിഗണന കിട്ടുന്നില്ല. ഭരണം നിലനിര്‍ത്താന്‍ എന്ത് അപമാനവും സഹിച്ച് തുടരില്ല. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയും യുഡിഎഫ് നേതൃത്വവും ജോര്‍ജിന്റെ കാര്യത്തില്‍ എന്ത് വേണമെന്ന് ഇനി തീരുമാനിക്കണം.

ജോര്‍ജിനെതിരെ നടപടിവേണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല. ജോര്‍ജിനെ മാറ്റണമെന്നത് ഭൂരിപക്ഷ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

വൈസ് ചെയര്‍മാനായി പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം തുടരുന്നു. ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും കുറിച്ച് എന്തും വിളിച്ചുപറയുന്നു. ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല-ആന്റണി രാജു പറഞ്ഞു.

എന്നാല്‍ ജോസഫ്‌ വിഭാഗത്തിന്റെ ആവശ്യത്തിന്‌ ഉന്നതാധികാര സമിതി യോഗത്തിന്റെ പൂര്‍ണ പിന്തുണ ലഭിച്ചില്ല. ജോസഫ്‌ ഗ്രൂപ്പിനെ അനുനയിപ്പിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ചു.

രണ്ടര മണിക്കൂര്‍ നീണ്ട യോഗം അവസാനിപ്പിക്കുകയായിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി, വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പിജെ ജോസഫ്‌, സിഎഫ്‌ തോമസ്‌ എന്നിവരാണു സമിതി അംഗങ്ങള്‍.

യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിനെക്കുറിച്ചു ചോദിച്ചപ്പോള്‍ മാണി ക്ഷുഭിതനായി. ജോസഫ്‌ വിഭാഗത്തിന്റെ ഇറങ്ങിപ്പോക്കിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു യോഗം കഴിഞ്ഞാല്‍ ഇറങ്ങിപ്പോകണ്ടായോ എന്നായിരുന്നു ക്ഷോഭത്തോടെയുള്ള മാണിയുടെ പ്രതികരണം.

അതേസമയം പി സി ജോര്‍ജ്‌ വിവാദവിഷയങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ ഒഴിഞ്ഞുമാറി. എല്ലാം ചെയര്‍മാന്‍ നല്‍കുന്ന പത്രക്കുറിപ്പില്‍ ഉണ്ടാകുമെന്ന മറുപടിയില്‍ പി.ജെ. ജോസഫ്‌ പ്രതികരണമൊതുക്കി.

പാര്‍ട്ടി തീരുമാനം ഇന്നു വ്യക്‌തമാക്കുമെന്നാണു കേരളാ കോണ്‍ഗ്രസ്‌ ഉന്നതനേതൃത്വം നല്‍കുന്ന സൂചന. ജോസഫ്‌ വിഭാഗത്തില്‍നിന്ന്‌ ഏഴു പേരും പി.സി. ജോര്‍ജ്‌ അനുകൂലികളായ രണ്ടു പേരും ഔദ്യോഗികപക്ഷത്തുനിന്ന്‌ 12 പേരും ഉള്‍പ്പടെ 21 അംഗങ്ങളാണു യോഗത്തില്‍ പങ്കെടുത്തത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :