കേരളത്തിലെ സംഘടനാപ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്ന് എ കെ ആന്റണി

തിരുവനന്തപുരം| WEBDUNIA|
PRO
സംസ്ഥാന കോണ്‍ഗ്രസിലെ സംഘടനാപ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്ന് കേന്ദ്രമന്ത്രി എ കെ ആന്റണി. സംഘടനാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനത്തെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെയാണ് ആന്റണി നിലപാട് അറിയിച്ചത്.

കേരളത്തിലെ പ്രശ്‌നങ്ങള്‍ ഇവിടെതന്നെ തീര്‍ക്കണം. ഇക്കാര്യത്തില്‍ തന്റെ മുന്‍ നിലപാടില്‍ മാറ്റമില്ല. താന്‍ ഇടപെട്ടതുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല കേരളത്തിലുള്ളത്. മാത്രമല്ല, ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അടുത്ത ഒരു മാസത്തേക്ക് ഡല്‍ഹിവിട്ട് എവിടേക്കും പോവാനാവില്ല. അതിനാല്‍ ഇപ്പോള്‍ തന്റെ ഇടപെടലിന് പ്രസക്തിയില്ലെന്നും ആന്റണി അറിയിച്ചു.

കേരളത്തിലെ പ്രശ്‌ന പരിഹാരത്തിന് ആന്റണിയെ വിളിക്കണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലേക്ക് പുറപ്പെടും മുന്‍പ് മുകുള്‍ വാസ്‌നിക് ആന്റണിയുടെ നിലപാട് ആരാഞ്ഞത്.

സംഘടനാ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് യോഗത്തിനു ശേഷം മുകുള്‍ വാസ്‌നിക് മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങളില്‍ പരസ്യ പ്രതികരണത്തിന് തയ്യാറല്ലെന്നായിരുന്നു വാസ്‌നിക്കിന്റെ മുറപടി. വൈകിട്ടു നടക്കുന്ന പാര്‍ട്ടി- സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തിലും വാസ്നിക് പങ്കെടുക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :