കേരള കോണ്‍ഗ്രസ് (ബി)യുടെ നിര്‍ണായകയോഗം ഇന്ന്

തിരുവനന്തപുരം| Joys Joy| Last Modified ബുധന്‍, 4 ഫെബ്രുവരി 2015 (08:19 IST)
ബാര്‍കോഴ വിവാദങ്ങളുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ യു ഡി എഫുമായി പിണങ്ങിയിരിക്കുന്ന കേരള കോണ്‍ഗ്രസ് (ബി)യുടെ നിര്‍ണായക യോഗം ഇന്ന്. അവഗണന സഹിച്ചും യു ഡി എഫില്‍ തുടരണമോ അതോ പുറത്തുപോയി പുതിയ കൂട് തേടണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം കൈക്കൊണ്ടേക്കും എന്നാണ് സൂചന.

കഴിഞ്ഞയാഴ്ച ചേര്‍ന്ന യു ഡി എഫ് യോഗത്തിലേക്ക് ബാലകൃഷ്‌ണ പിള്ളയെ വിളിച്ചിരുന്നില്ല. മുന്നണിക്ക് വിധേയമായി തുടരാന്‍ പറ്റുമെങ്കില്‍ യു ഡി എഫില്‍ കഴിയാമെന്നും ഇല്ലെങ്കില്‍ സ്വമേധയ പുറത്തുപോയതായി കണക്കാക്കി കൊള്ളാമെന്നും യോഗത്തിനു ശേഷം യു ഡി എഫ് നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ,മുന്നണിയില്‍ നിന്ന് പിള്ളയെ പുറത്താക്കി വീരപരിവേഷം നല്കേണ്ട കാര്യമില്ലെന്ന് യു ഡി എഫ് ഒറ്റക്കെട്ടായി തീരുമാനിച്ചിരുന്നു.

എന്നാല്‍ , യു ഡി എഫിനു വിധേയനായി കഴിഞ്ഞുകൂടാന്‍ താന്‍ ഇനി ഒരുക്കമല്ലെന്ന് പിള്ള പറഞ്ഞിരുന്നു.ഇനിയുള്ള യു ഡി എഫ് യോഗങ്ങള്‍ക്ക് പോകില്ലെന്ന് വ്യക്തമാക്കിയ പിള്ള മുന്നാക്കവികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന പിള്ള ആ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നു ചേരുന്ന കേരള കോണ്‍ഗ്രസ് (ബി) യോഗത്തില്‍ പാര്‍ട്ടിക്കുള്ള മറ്റു ചെയര്‍മാന്‍ സ്ഥാനങ്ങള്‍ കൂടി രാജിവെയ്ക്കാന്‍ തീരുമാനമെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ .

ഫോം മാറ്റിങ്‌സ് ചെയര്‍മാന്‍ വേണുഗോപാലന്‍ നായര്‍ , ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ചെയര്‍മാന്‍ പോള്‍ ജോസഫ്, കണ്ണൂര്‍ സ്പിന്നിങ് മില്‍ ചെയര്‍മാന്‍ പാലക്കണ്ടി നജീബ് എന്നിവരാണ് പിള്ള ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ ചെയര്‍മാന്‍മാര്‍ ആയി ഉള്ളത്. കൂടാതെ പത്തോളം പേര്‍ വിവിധ സ്ഥാപനങ്ങളുടെ ഭരണസമതികളിലുമുണ്ട്. ഇവര്‍ രാജിവെയ്ക്കുന്ന കാര്യവും ഇന്നു ചേരുന്ന പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.

ബാര്‍കോഴ വിവാദം ഉയര്‍ന്നു നിന്ന സാഹചര്യത്തില്‍ സംസ്ഥാന ധനമന്ത്രി കെ എം മാണിക്കെതിരെ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ഫോണ്‍ സംഭാഷണം പുറത്തുവന്നതാണ് യു ഡി എഫ് നേതൃത്വവുമായുള്ള ബന്ധം പെട്ടെന്ന് വഷളാകാന്‍ കാരണമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :