കേന്ദ്രവുമായി സഹകരിക്കാന്‍ തയ്യാര്‍

മാരാരിക്കുളം| WEBDUNIA| Last Modified തിങ്കള്‍, 5 ജനുവരി 2009 (17:38 IST)
കേന്ദ്രത്തെ കുറ്റം പറഞ്ഞ് മാറിനില്‍ക്കാതെ സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ഭക്‍ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി സി ദിവാകരന്‍. പൌള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ‘ഗ്രാമം നിറയെ കോഴി’ പദ്ധതി കണിച്ചുകുളങ്ങരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പത്തുലക്ഷം കുടുംബങ്ങള്‍ക്കു മാത്രമായി കേന്ദ്രം അനുവദിച്ച റേഷന്‍ 20 ലക്ഷം കുടുംബങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരികയാണ്. ഇത് അര്‍ഹതപ്പെട്ട 25 ലക്ഷം കുടുംബങ്ങള്‍ക്കെങ്കിലുമായി കേന്ദ്രം ഉയര്‍ത്തണം. അതിനായി കേന്ദ്രവുമായി ഏതുതരത്തിലുള്ള സഹകരണത്തിനും തയ്യാറാണ്.

കേന്ദ്രം സംഭരിക്കുന്ന വിലയ്ക്കു ഭക്‍ഷ്യ ധാന്യങ്ങള്‍ നല്‍കാന്‍ തയ്യാറായാല്‍ ഏറ്റെടുക്കാന്‍ കേരളം ഒരുക്കമാണ്. പൊതുവിതരണ സമ്പ്രദായം നിലനിര്‍ത്താന്‍ സംസ്ഥാനം തയ്യാറാണ്. അതു കൊണ്ടാണ് കേന്ദ്ര സബ്‌സിഡിയില്ലാതെ സംഭരണ വിലയ്ക്കു ഭക്‍ഷ്യ ധാന്യം നേരിട്ട് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട അരി നല്‍കാതെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ധാന്യം സംഭരിക്കാന്‍ കേരളത്തിന്‍റെ ഗോഡൌണുകള്‍ ആവശ്യപ്പെടുന്ന കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :