കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയോഗം തുടങ്ങി

തിരുവനന്തപുരം| WEBDUNIA|
കെ പി സി സി രാഷ്‌ട്രീയ കാര്യസമിതി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. യു ഡി എഫ് വിപുലീകരണവും, ജനതാദളിനെ യു ഡി എഫില്‍ എടുക്കുന്നതും സംബന്ധിച്ചുള്ള വിഷയങ്ങളില്‍ ആയിരിക്കും പ്രധാനമായും ചര്‍ച്ച. ഉച്ചയ്ക്ക് ശേഷം യു ഡി എഫ് യോഗവും ചേരുന്നുണ്ട്. മുന്നണി വിപുലീകരണവും സ്വാശ്രയ പ്രശ്നവും തന്നെയായിരിക്കും മുന്നണി യോഗത്തിലും ചര്‍ച്ചാ വിഷയം

ഇടതുമുന്നണിക്കുള്ളിലെ പ്രശ്നങ്ങളും, സി പി എമ്മിനുള്ളില്‍ നിലവിലുള്ള പ്രശ്നങ്ങളും രാഷ്‌ട്രീയ കാര്യസമിതി ചര്‍ച്ച ചെയ്യും. ഇടതുമുന്നണിയുമായും, ജനതാദള്‍ കേന്ദ്രനേതൃത്വവുമായും ഇടഞ്ഞു നില്‍ക്കുന്ന ദള്‍ വീരേന്ദ്രകുമാര്‍ പക്ഷം യു ഡി എഫില്‍ ചേരാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് നിരുപാധിക പിന്തുണ നല്‍കിയത് ദളിന്‍റെ യു ഡി എഫ് പ്രവേശനം സുഗമമാക്കും.

അതേസമയം, ജനതാദളിലെ ഒരു വിഭാഗത്തെ യു ഡി എഫിലെടുക്കുകയാണെങ്കില്‍ എന്‍ സി പിയെയും മുന്നണിയില്‍ എടുക്കണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ സി പിക്ക് യു ഡി എഫ് മുന്നണിയില്‍ ചേരാന്‍ താല്പര്യമുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരന്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍, ഈ പ്രസ്താവനയെ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ പരിഗണിച്ചിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :