കെ കെ രമ നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധഗൂഢാലോചനയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. അഞ്ചാം ദിവസമാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്. ബി ആര്‍ പി ഭാസ്കര്‍ രമയ്ക്ക് നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. ടിപി വധഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായും അദ്ദേഹം അറിയിച്ചിരുന്നു. തുടര്‍ന്ന് ഉച്ചയോടെ ആര്‍എംപി നേതൃയോഗം ചേര്‍ന്ന് രമ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി പറഞ്ഞ വാക്ക് എത്രയും പെട്ടെന്ന് പാലിക്കണമെന്ന് നേതാക്കള്‍ പറഞ്ഞു.

സിബിഐ അന്വേഷണം വേണമെന്ന വിഷയത്തില്‍ നിയമവശം പരിശോധിച്ച് യഥാസമയം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയമപരവും സാങ്കേതികവുമായ തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സിബിഐ കേസ് ഏറ്റെടുക്കുമോ എന്ന് വ്യക്തമല്ല. ഇത് പരിഹരിക്കാന്‍ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എത്രസമയം വേണ്ടിവരും എന്നു പറയാനാകില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിക്ഷ്പക്ഷവും കാര്യക്ഷമവും ആയ അന്വേഷണമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കാന്‍ സാധിക്കില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :