കുട്ടികള്‍ സ്റ്റാര്‍ട്ടാക്കിയ വാഹനം കല്ലുവെട്ടുകുഴിയില്‍ വീണ് 14 പേര്‍ക്ക് പരുക്ക്

തേഞ്ഞിപ്പാലം| WEBDUNIA|
PRO
നിര്‍ത്തിയിട്ടിരുന്ന വാന്‍ കുട്ടികള്‍ സ്റ്റാര്‍ട്ടാക്കിയതിനെത്തുടര്‍ന്ന് കല്ലുവെട്ടുകുഴിയിലേക്ക് വീണ് വിവാഹ സംഘത്തിലെ14 പേര്‍ക്ക് പരുക്കേറ്റു. ചേലേമ്പ്ര കൊളക്കുത്ത് മൈലാഞ്ചിവളവ്-അമ്പലപ്പറമ്പ് റോഡില്‍ ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അപകടം.

അമ്പലപ്പറമ്പില്‍ സ്വദേശിയായ ദേവന്റെ മകളുടെ വിവാഹ സത്കാരത്തിന് പോകാനാണ് വാഹനം ഏര്‍പ്പാടാക്കിയിരുന്നത്. പിന്‍വശത്തെ വാതിലടയ്ക്കാന്‍ ഡ്രൈവര്‍ ഇറങ്ങിയതിനിടെ മുന്നിലിരുന്ന കുട്ടികളില്‍ ആരോ താക്കോല്‍ തിരിച്ച് സ്റ്റാര്‍ട്ടാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മുന്നോട്ട് നീങ്ങിയ വണ്ടി റോഡരികിലെ ഇരുപതടിയോളം താഴ്ചയുള്ള കല്ലുവെട്ടുകുഴിയിലേക്കാണ് പതിച്ചത്. കൈക്കുഞ്ഞുങ്ങളടക്കമുള്ളവര്‍ വാഹനത്തിലുണ്ടായിരുന്നു.

പരുക്കേറ്റവര്‍ക്ക് കോട്ടക്കടവ് ടിഎംഎച്ച് ആസ്​പത്രിയില്‍ അടിയന്തിര ചികിത്സ നല്‍കി. സാരമായി പരുക്കേറ്റ നാലുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :