കുട്ടികളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ കുടുംബശ്രീ

കൊച്ചി| WEBDUNIA| Last Modified ബുധന്‍, 24 ഏപ്രില്‍ 2013 (20:30 IST)
PRO
കുട്ടികള്‍ക്ക്‌ നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെറുക്കാനും, പ്രതികരിക്കാനും പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ ബാലസഭ അംഗങ്ങള്‍ക്കായി ജില്ലയിലെ പഞ്ചായത്തുകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ദ്വിദിന ക്യാമ്പ്‌ ആരംഭിച്ചു.

അതിക്രമങ്ങളോടും അനീതിയോടും പ്രതികരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയും ഊര്‍ജസംരക്ഷണം, ജലസംരക്ഷണം, ലിംഗ സമത്വം എന്നീ ആശയങ്ങള്‍ അവരിലേക്കെത്തിക്കുകയുമാണ്‌ ക്യാമ്പുകളുടെ ലക്ഷ്യം.

രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ 5 മണിവരെ 100 കുട്ടികള്‍ വീതമാണ്‌ ഓരോ ക്ലാസിലും പങ്കെടുക്കുന്നത്‌. പരിശീലനം ലഭിച്ച 40 റിസോഴ്സ്‌ പേഴ്സണ്‍മാരാണ്‌ ക്യാമ്പില്‍ കുട്ടികള്‍ക്ക്‌ ക്ലാസുകള്‍ നയിക്കുന്നത്‌. ക്ലാസുകളില്‍ വിവിധ പ്രശ്നങ്ങള്‍ കുട്ടികളുടെ ഇടയില്‍തന്നെ ചര്‍ച്ച ചെയ്യുകയും ചര്‍ച്ചയ്ക്കിടയില്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ ഗൗരവമായി കണക്കാക്കി വേണ്ട രീതിയില്‍ പരിഹരിക്കുകയും ചെയ്യും.

രണ്ടാം ദിനത്തില്‍ അതിക്രമങ്ങള്‍ക്കും, മദ്യപാനത്തിനും, ലഹരിമരുന്നിനുമെതിരായി നോട്ടീസുകളും, പോസ്റ്ററുകളും തയ്യാറാക്കുവാന്‍ പഠിപ്പിക്കും. ഇത്തരം വിഷയങ്ങളെ സംബന്ധിച്ച്‌ നാടക പരിശീലനവും ക്യാമ്പില്‍ നല്‍കും.

മികവു തെളിയിക്കുന്ന കുട്ടികള്‍ക്ക്‌ ജില്ലാ തലത്തില്‍ പരിശീലനം നല്‍കും. കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ അതാതു പഞ്ചായത്തുകളില്‍ പ്രദര്‍ശിപ്പിക്കുകയും എക്സിബിഷനുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. ബാല സഭയില്‍ അംഗത്വം ഇല്ലാത്ത കുട്ടികളെ ഇത്തരം വിഷയങ്ങളില്‍ ബോധവാന്‍മാരാക്കുന്നതിനാണ്‌ ഇവ പ്രദര്‍ശിപ്പിക്കുന്നത്‌.

കുട്ടികള്‍ അതിക്രമങ്ങള്‍ക്കിരയായാല്‍ അജ്ഞത മൂലമോ, ഭയം മൂലമോ മറ്റുള്ളവരെ അറിയിക്കാതിരിക്കാം. അതിനാല്‍ ശാരീരികമായോ, മാനസികമായോ, സംസാരം മൂലമോ പീഡനത്തിനിരയായാല്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ ക്ലാസുകളില്‍ ചര്‍ച്ച ചെയ്യും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള ക്രൂരതകള്‍ തടയുന്നതിനായി ആരംഭിക്കുന്ന കുടുംബശ്രീ സംരംഭമായ ഹെല്‍പ്പ്‌ ഡെസ്ക്കിന്‌ പുതിയ ടോള്‍ ഫ്രീ ഹെല്‍പ്പ്‌ ലൈന്‍ നമ്പര്‍ ആരംഭിക്കുന്നതോടെ കുട്ടികള്‍ക്കും നമ്പര്‍ പ്രയോജനപ്പെടുത്താനാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :