കസ്റ്റഡിയിലായിരുന്ന തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ ഉടമകള്‍ക്ക്‌ വിട്ടുനല്‍കാന്‍ ഉത്തരവ്‌!

പെരുമ്പാവൂര്‍: | WEBDUNIA|
PRO
PRO
കഴിഞ്ഞ ഒന്നരമാസക്കാലമായി കോടനാട്‌ ആനക്കളരിയില്‍ വനപാലകരുടെ കസ്റ്റഡിയിലായിരുന്ന തെച്ചിക്കോട്ട്‌കാവ്‌ രാമചന്ദ്രന്‍ എന്ന ആനയെ ഉടമകള്‍ക്ക്‌ വിട്ടുനല്‍ക്കാന്‍ കോടതി ഉത്തരവായി. ഉടമകളായ തെച്ചിക്കോട്ടുകാവ്‌ ദേവസ്വം ട്രസ്റ്റ്‌ നല്‍കിയ ഹര്‍ജിയിലാണ്‌ പെരുമ്പാവൂര്‍ ഒന്നാംക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതി ഉത്തരവ്‌.

30 ലക്ഷം രൂപക്ക്‌ തുല്യമായിട്ടുള്ള രണ്ട്പേരുടെ ആള്‍ ജാമ്യത്തിന്മേലും വരുന്ന മൂന്ന്‌ മാസക്കാലത്തേക്ക്‌ ഈ ആനയെ എഴുന്നള്ളിപ്പുകള്‍ക്കൊന്നും വിടാതെ പരിചരിക്കണമെന്ന വ്യവസ്ഥയിലുമാണ്‌ വിട്ടുനല്‍കിയിരിക്കുന്നത്‌. ഹര്‍ജിക്കാര്‍ക്ക്‌ വേണ്ടി ടി എന്‍ അരുണ്‍കുമാര്‍ ഹാജരായി. കഴിഞ്ഞ ജനുവരി 27ന്‌ രായമംഗലം കൂട്ടുമഠം ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ആനഇടഞ്ഞ്‌ മൂന്ന്‌ സ്ത്രീകളെ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ്‌ കോടനാട്‌ ഡിഎഫ്‌ഒ നാഗരാജന്റെ നേതൃത്വത്തില്‍ വനം വകുപ്പ്‌ ആനയെ കസ്റ്റഡിയിലെടുത്തത്‌. ഉത്സവത്തിനെഴുന്നള്ളിച്ചിരുന്ന 7 ആനകളെയും കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും മറ്റുള്ളവയെ 4 ദിവസത്തിനകം വിട്ടു. അപകടത്തില്‍ രായമംഗലം സ്വദേശിനി നാണി (65) കുറുപ്പംപടി തീയറ്റര്‍പടിക്ക്‌ സമീപം രമ(58) ഒക്കല്‍ സ്വദേശിനി ഇന്ദിര (45) എന്നിവര്‍ മരണമടയുകയും 25 ഓളം പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

എറണാകുളം ജില്ലയില്‍ എഴുന്നള്ളിപ്പിന്‌ വിലക്കുണ്ടായിരുന്ന ആനയെ പ്രത്യേക കോടതി ഉത്തരവ്‌ വാങ്ങിയാണ്‌ കൊണ്ടുവന്നത്. ആനയെ കസ്റ്റഡിയിലെടുത്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഉടമകള്‍ കോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി നാലിന്‌ കോടതി നിര്‍ദ്ദേശപ്രകാരം വനപാലകര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‌ മദപ്പാടിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും പറഞ്ഞിരുന്നു. വലത്കണ്ണ്‌ പൂര്‍ണ്ണമായും, ഇടത്‌ കണ്ണ്‌ ഭാഗീകമായും കാഴ്ചയില്ലാത്ത രാമചന്ദ്രന്‍ ആക്രമണസ്വഭാവം കാണിക്കുമെന്ന്‌ അന്ന്‌ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിനു മുമ്പ്‌ എട്ട് ആളുകളെയും രണ്ട് ആനകളെയും രാമചന്ദ്രന്‍ കൊലപ്പെടുത്തിയതായും പറയപ്പെടുന്നു‌.

ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :