'കള്ളുകുടി പ്രസ്താവന മര്യാദയ്ക്ക് നിരക്കാത്തത്'

കോഴിക്കോട്| WEBDUNIA|
PRO
സ്മാര്‍ട്ട് സിറ്റി ഫരീദ് അബ്ദുള്‍ റഹ്മാനെപ്പറ്റി മുഖ്യമന്ത്രി നടത്തിയ പ്രസ്താവന സാമാന്യ മര്യാദയ്ക്കു നിരക്കാത്തതും മലയാളികള്‍ക്ക് അപമാനമുണ്ടാക്കുന്നതുമാണെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.

ലക്ഷക്കണക്കിനു മലയാളികള്‍ ജോലി ചെയ്യുന്ന ദുബായിലെ പ്രമുഖ സ്ഥാപനമായ ടീകോം മേധാവിയെക്കുറിച്ച് നടത്തിയ പ്രസ്താവന മുഖ്യമന്ത്രിപദത്തിന് ചേര്‍ന്നതായില്ല.

സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ മറച്ചുവച്ചു ടീകോം ഉദ്യോഗസ്ഥരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതു പദ്ധതിയുടെ ഭാവി അവതാളത്തിലാക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപ സൗഹൃദ സംസ്ഥാനമായ കേരളത്തിലേക്കു പുതിയ വിദേശ നിക്ഷേപകരെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനു പകരം ഉള്ളവരെ തന്നെ ആട്ടിയോടിക്കുന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കാനാണു മുഖ്യമന്ത്രിക്ക് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി സി ഇ ഒ ഫരീദ് അബ്ദുള്‍ റഹ്മാന്‍ കേരളത്തില്‍ വരുന്നതു കള്ളുകുടിച്ചു കിടക്കാനാണെന്നും അല്ലാതെ സര്‍ക്കാരുമായി ബന്ധപ്പെടാറില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :