കലോത്സവം കലക്കാന്‍ മനോരമയുടെ ശ്രമം!

kalolsavam
തിരുവനന്തപുരം| WEBDUNIA|
PRO
PRO
സ്കൂള്‍ കലോത്സവം കലക്കാന്‍ മലയാളമനോരമ ദിനപത്രം ശ്രമിക്കുന്നുവെന്ന് ദേശാഭിമാനി ദിനപത്രം. ബുധനാഴ്ച പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നിരിക്കുന്നത്. കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തെ കോഴക്കലോത്സവമായി ചിത്രീകരിക്കുകയാണ് മനോരമയെന്നാണ് ദേശാഭിമാനിയുടെ ആരോപണം.

കലോത്സവത്തില്‍ മാര്‍ക്കിടാനിരിക്കുന്ന ജഡ്ജിമാരില്‍ പലരും കോഴ വാങ്ങി മത്സരാര്‍ത്ഥികളെ വിജയികളായി പ്രഖ്യാപിക്കുന്നുണ്ട് എന്നായിരുന്നു മനോരമയില്‍ വന്ന എക്സ്ക്ലുസീവ് വാര്‍ത്ത. തെളിവുസഹിതമായിരുന്നു മനോരമയിത് റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയത്തെ ഒരു അധ്യാപകനും ഇടനിലക്കാരനുമായ ഒരാളുമായി ഒരു മത്സരാര്‍ത്ഥിയുടെ അമ്മ നടത്തിയ ടെലിഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍ നല്‍കിയിരുന്നു.

“ചങ്ങനാശേരി രൂപതയ്ക്ക്‌ കീഴിലെ ഒരു സ്വകാര്യ സ്കൂളിലെ മലയാളം അധ്യാപകനാണ്‌ മത്സരാര്‍ഥിയുടെ അമ്മയുമായി ഫോണില്‍ സംസാരിച്ചതെന്നാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. ഇയാള്‍ക്ക്‌ സംസ്ഥാന സ്കൂള്‍ കലോത്സവവുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല. സ്വന്തം സ്കൂളിലെ കലോത്സവത്തില്‍ ഏതൊരു അധ്യാപകനെയും പോലെ ഇയാളും 'സജീവ'മാകും. മാര്‍ഗംകളിയില്‍ ഒന്നോ രണ്ടോ തവണ മാര്‍ക്കിടാനും പോയിട്ടുണ്ട്‌. ഇതിനു പുറമെ കേരള കോഗ്രസ്‌ രാഷ്ട്രീയത്തില്‍ മാറിമാറി കളിച്ച 'പൊടി രാഷ്ട്രീയ'വും കൈമുതലായുണ്ട്‌.”

“രണ്ട്‌ ദിവസവും ഒന്നാംപേജിലാണ്‌ വാര്‍ത്ത വീശിയത്‌. വ്യാജവാര്‍ത്തയുള്ള പത്രത്തിന്റെ കെട്ടുകണക്കിന്‌ കോപ്പികള്‍ എല്ലാ വേദിയിലും മത്സരം തുടങ്ങുംമുമ്പ്‌ എത്തിക്കാനും മനോരമ ഉത്സാഹിച്ചു. എ ഗ്രേഡ്‌ കിട്ടാതാവുന്ന വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ച്‌ താന്‍ പങ്കെടുത്ത മത്സരത്തിലും അഴിമതി നടന്നിട്ടുണ്ടെന്ന്‌ പറയിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മറ്റു പത്രങ്ങളും ചാനലുകളും മനോരമയുടെ വഴിയേ പോകാഞ്ഞതിനാല്‍ ഇത്‌ ഏശിയില്ല.”

“ഒരു മത്സരത്തിന്‌ മൂന്ന്‌ ജഡ്ജിമാരുണ്ടാകും. പരാതിയുണ്ടെങ്കില്‍ അത്‌ പരിശോധിക്കാന്‍ അപ്പീല്‍ കമ്മിറ്റിയുണ്ട്‌. സുതാര്യമായ ഈ സംവിധാനം തകര്‍ക്കാനും തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുമാണ്‌ മനോരമ ഇറങ്ങിയത്‌. കലോത്സവം തുടങ്ങുംമുമ്പുതന്നെ മനോരമ അതിന്റെ രഹസ്യ അജണ്ട നടപ്പാക്കിത്തുടങ്ങിയിരുന്നു. തങ്ങള്‍ക്ക്‌ വേണ്ടപ്പെട്ട പത്ത്‌ കലാകാരന്മാരെ ഓഫീസില്‍ കൊണ്ടുപോയി 'തുറന്ന ചര്‍ച്ച' സംഘടിപ്പിച്ചു” - ദേശാഭിമാനി എഴുതുന്നു.

ഇടതുപക്ഷ സര്‍ക്കാരിന്റെ നേതൃത്വത്തിന് കീഴില്‍ നടക്കുന്ന കലോത്സവത്തെ കരിവാരിത്തേക്കാനാണ് മനോരമയുടെ “കോഴവിവാദം” എന്നാണ് ദേശാഭിമാനിയുടെ കണ്ടെത്തല്‍. എന്നാല്‍ ഏത് സര്‍ക്കാര്‍ ഭരിച്ചാലും, സ്കൂള്‍ യുവജനോത്സവ സമയത്ത് കോഴവിവാദം ഉണ്ടാവാറുണ്ട് എന്ന കാര്യം ദേശാഭിമാനി മറന്നുവെന്ന് തോന്നുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :