കലയുടെ കിരീടം വീണ്ടും കോഴിക്കോടിന്

കോട്ടയം| WEBDUNIA|
PRO
കലയുടെ കിരീടം വീണ്ടും സാമൂതിരിയുടെ നാട്ടിലേക്ക്. അമ്പത്തിയൊന്നാം സംസ്ഥാന സ്കൂള്‍ കലാമേളയില്‍ 817 പോയിന്‍റുമായാണ് തുടര്‍ച്ചയായ അഞ്ചാം തവണയും കലാകിരീടത്തില്‍ കോഴിക്കോട് മുത്തമിട്ടത്. 776 പോയിന്‍റുമായി തൃശൂര്‍ ജില്ലയാണ് രണ്ടാംസ്ഥാനത്ത്. 767 പോയിന്‍റ് നേടി കണ്ണൂരാണ് മേളയില്‍ മൂന്നാമതെത്തിയത്.

പ്രധാന വേദിയായ പൊലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് സമാപനസമ്മേളനം മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി എം എ ബേബി അധ്യക്ഷനായിരുന്നു. കലോത്സവത്തിലെ ജേതാക്കള്‍ക്കു സ്വര്‍ണക്കപ്പ്‌ സമ്മാനിച്ചത് മലയാളത്തിന്റെ പ്രിയ ഗായകന്‍ ഗായകന്‍ കെജെ യേശുദാസാണ്‌.


ആതിഥേയരായ കോട്ടയം ജില്ലയ്ക്ക് 729 പോയിന്‍റുമായി ആറാമത് എത്താനെ കഴിഞ്ഞുള്ളൂ. മറ്റു ജില്ലകളുടെ പോയിന്‍റ് നില താഴെ പറയും വിധമാണ്. പാലക്കാട് - 763, എറണാകുളം - 735, കോട്ടയം - 729, തിരുവനന്തപുരം - 711, മലപ്പുറം - 705, ആലപ്പുഴ - 704, കാസര്‍കോഡ് - 681, കൊല്ലം - 670, പത്തനംതിട്ട - 638, വയനാട് - 591, ഇടുക്കി - 549 എന്നിങ്ങനെയാണ് പോയിന്‍റ് നില.

കലോത്സവത്തിന്‌ സമാപനം കുറിച്ചുകൊണ്ടുള്ള കലോത്സവ ഘോഷയാത്ര ഉച്ചയ്ക്ക് രണ്ടരമണിക്ക് ആരംഭിച്ചിരുന്നു. അക്ഷരനഗരിയെ വലയം ചെയ്ത്‌ വൈകുന്നേരം നാലോടെ ഘോഷയാത്ര സമാപിച്ചു. മന്ത്രി മുല്ലക്കര രത്നാകരനാണ് സുവനീര്‍ പ്രകാശനം ചെയ്തത്. അടുത്ത കലോല്‍സവം നടക്കുന്ന തൃശൂരിന് വേണ്ടി മേയര്‍ ഐ പി പോളിന്‌ കോട്ടയം നഗരസഭാ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍ കലോല്‍സവ പതാക കൈമാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :