കലക്ടര്‍ ബ്രോ വീണ്ടും; വിദ്യാര്‍ഥികളോടുള്ള മോശം പെരുമാറ്റം ശ്രദ്ധയില്‍‌പ്പെട്ടാല്‍ ബസ് പെര്‍മിറ്റ് റദ്ദാക്കും

അധ്യയന വര്‍ഷം ആരംഭിച്ചതോടെ വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശവുമായി ജില്ലാ ഭരണകൂടം.

കോഴിക്കോട്, എന്‍ പ്രശാന്ത്, സ്ത്രീ സുരക്ഷ Calicut, N Prashanth, Women security
കോഴിക്കോട്| rahul balan| Last Modified ബുധന്‍, 1 ജൂണ്‍ 2016 (14:26 IST)
അധ്യയന വര്‍ഷം ആരംഭിച്ചതോടെ വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശവുമായി ജില്ലാ ഭരണകൂടം. വിദ്യാര്‍ഥികള്‍ക്ക് മാന്യവും സുരക്ഷിതവുമായ യാത്ര ഉറപ്പുവരുത്തണമെന്ന് ബസ് ഉടമകളോടും ജീവനക്കാരോടും ജില്ലാകലക്ടര്‍ എന്‍ പ്രശാന്ത് നിര്‍ദേശിച്ചു. മാന്യമായ യാത്ര കുട്ടികളുടെ അവകാശമാണ്. വിദ്യാര്‍ത്ഥികളോടുള്ള പെരുമാറ്റം മാന്യമായിരിക്കണം. വിദ്യാര്‍ത്ഥികളോട് മോശം പെരുമാറ്റം ശ്രദ്ധയില്‍‌പെട്ടാല്‍ ബസ് പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കുട്ടികളെ ബസില്‍ കയറ്റാതിരിക്കുക, ഇരിക്കാന്‍ അനുവധിക്കാതിരിക്കുക എന്നിവ അനുവദിക്കാന്‍ കഴിയുന്നതല്ല. കുട്ടികള്‍ക്ക് മാന്യമായ യാത്ര ഉറപ്പുവരുത്തേണ്ടത് മുതിര്‍ന്നവരുടെ കൂടി ഉത്തരവാദിത്തമാണ്. ഇത്തരത്തില്‍ കുട്ടികളോട് മോശമായി പെരുമാറുന്നത് കണ്ടാല്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ വിഡിയോ എടുത്ത് ജില്ലാ ഭരണകൂടത്തിന്റെ ഫേസ്ബുക് അക്കൗണ്ടിലേക്ക് അയക്കണമെന്നും കലക്ടര്‍ പറഞ്ഞു.

വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൊണ്ടുവന്ന ‘സവാരിഗിരി’ പദ്ധതി കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിലെ പോരായ്മയാണ് ഇതിന് തടസമായി നിന്നത്. വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കാന്‍ ആവശ്യമായ വിവരങ്ങള്‍ ചില സ്കൂളുകള്‍ ബന്ധപ്പെട്ട ഏജന്‍സിക്ക് നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ എല്ലാവരുടെയും പൂര്‍ണ സഹകരണം ആവശ്യമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :