കര്‍ഷകരെ ആസിയാന്‍ ഗതികേടിലാക്കും: വി‌എസ്

തിരുവനന്തപുരം| WEBDUNIA|
PRO
ആസിയാന്‍ കരാര്‍ രാജ്യത്തെ കാര്‍ഷിക മേഖലയെ പഴയ ഗതികേടിലേക്ക് തള്ളിവിടുമെന്ന് മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ സ്വതന്ത്രമാക്കിയ കാര്‍ഷിക മേഖലയെ പഴയ ഗതികേടിലേക്ക് തള്ളിവിടുകയാണ് ആസിയാന്‍ കരാര്‍. ഫെഡറല്‍ രീതിക്ക് മുന്‍ഗണന നല്‍കുന്ന ജനാധിപത്യ സംവിധാനമാണ് രാജ്യത്തുള്ളത്. അതിനാല്‍ അന്താരാഷ്ട്ര കരാറുകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായുകയും പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യുകയും വേണമെന്നും കരാര്‍ ഒപ്പിട്ടതിനെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

ഭക്‍ഷ്യോത്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കാതെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകില്ല. രണ്ട് വര്‍ഷത്തിനകം നെല്ലുത്പാദനം പത്ത് ലക്ഷം ടണ്ണാക്കി ഉയര്‍ത്താനും പാല്‍ പച്ചക്കറി ഉല്‍‌പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുമാണ് കേരളം ല‌ക്‍ഷ്യമിടുന്നത്.

എന്നാല്‍ സംസ്ഥാനങ്ങളെ സഹായിക്കുന്ന നിലപാ‍ടല്ല കേന്ദ്രം കൈക്കൊള്ളുന്നതെന്ന് ഉദാഹരണങ്ങള്‍ നിരത്തി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം നടപ്പിലാക്കുന്ന ഭക്‍ഷ്യോത്പാദന നിയമ മൂലം സംസ്ഥാനത്തെ ഭൂരിഭാഗം എ‌പി‌എല്‍ കാര്‍ഡുടമകളും റേഷന്‍ കാര്‍ഡിന്‍റെ പരിധിയില്‍ നിന്ന് പുറത്താകും. ജനങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണിത്.

ഓണക്കാലത്ത് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്ന 50,000 ടണ്‍ അരിയില്‍ 15,000 ടണ്‍ മാത്രമേ നല്‍കൂ എന്ന നിലപാടിലാണ് ഭക്‍ഷ്യവകുപ്പ്. ബാക്കി 35,000 ടണ്ണിന് അധികവില നല്‍കണമെന്നാണ് ഭക്‍ഷ്യവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക പാക്കേജിലൂടെയും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയവരെ പുനരധിവസിപ്പിച്ചും സര്‍ക്കാര്‍ ഇത് മറികടക്കാന്‍ ശ്രമിക്കുകയാണെന്നും വി‌എസ് ചൂണ്ടിക്കാട്ടി.

എല്ലാ വിധ ഭീകരവാദത്തേയും തീവ്രവാദത്തേയും തകര്‍ക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ സഹിഷ്ണുതയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഒരു പരിധി വരെയേ നമ്മുടെ സൈന്യത്തിന് അത് നിയന്ത്രിക്കാനാകുന്നുള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :