കരുനാഗപ്പള്ളിയില്‍ ഹര്‍ത്താല്‍ തുടങ്ങി

കൊല്ലം| WEBDUNIA|
നവകേരള മാര്‍ച്ചിന്‍റെ വിളംബര ജാഥയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മര്‍ദനമേറ്റ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ അനൂപ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കരുനാഗപ്പള്ളി താലൂക്കില്‍ കോണ്‍‌ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു മണി വരെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്.

നവകേരള മാര്‍ച്ചില്‍ പങ്കെടുത്ത കൌമാരപ്രായക്കാരനെ സുഹൃത്ത് കളിയാക്കിയതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയായിരുന്നു. ഡിവൈഎഫ്‌ഐക്കാരും കോണ്‍‌ഗ്രസുകാരും തുടര്‍ന്ന് ഏറ്റുമുട്ടി. ഇതില്‍ മര്‍ദനമേറ്റ മൂന്നു യൂത്ത്‌ കോണ്‍ഗ്രസുകാരില്‍ ഒരാളാണ് കൊല്ലപ്പെട്ട അനൂപ്. ചവറ മണ്ഡലം പ്രസിഡന്‍റ് കൂടിയാണ് അനൂപ്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അനൂപിന്‍റെ സഹോദരന്‍ സനോജ്‌ കുമാര്‍ (26), ഷൈജു (27) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇവരുടെ പരിക്ക് നിസാരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.

ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ടുള്ള ആദ്യ രക്തസാക്ഷിയാണ് അനൂപെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :